2010, ഏപ്രിൽ 10, ശനിയാഴ്‌ച

വ്രണപ്പെടുന്ന ക്നാനായ ആചാരങ്ങള്‍

"ഇന്നലെ ചെയ്തോരബദ്ധം ചിലര്‍ക്കിന്നത്തെ ആചാരമാകാം. നാളത്തെ ശ്രാസ്ത്രമാതാകാം" എന്ന്‌ കവി വാക്യം. മറ്റു പല ജാതി-സമുദായങ്ങള്‍ക്കുള്ളതുപോലെ ക്നാനായ സമുദായത്തിനും തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്‌. വിവാഹമെന്നതിന്‌ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളത്‌. ചിലര്‍ സാമ്പത്തികമായി രക്ഷപെട്ടതിനു ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റു ചിലര്‍ കല്ല്യാണം കഴിച്ച്‌ "രക്ഷ" പെടുന്നതിനെ കുറിച്ചായിരിക്കും ചിന്തിക്കുന്നത്‌.

ആഘോഷങ്ങളുടെ കാര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും രണ്ടു കൂട്ടര്‍ക്കും സമാന ചിന്താഗതി തന്നെയാണുള്ളത്‌. വ്യക്തി ജീവിതത്തിലെ മറ്റു ചടങ്ങുകളെയൊക്കെ നിഷ് പ്രഭം ആക്കികൊണ്ട് വിവാഹത്തോടനുബന്ധിച്ചുള്ള "ചന്തം ചാര്ത്ത്‌", "മയ്ലാഞ്ചി ഇടീല്" ചടങ്ങുകള്‍ അന്തവും കുന്തവുമില്ലാത്ത "കാളിയമര്‍ദ്ധനങ്ങ"ളായി മാറി കഴിഞ്ഞു.

കാലാകാലങ്ങളായി വിവിധ കോണുകളില്‍ നിന്നും ഇതിനെതിരേ ഉയര്‍ന്നുകൊണ്ടിരുന്ന ഒറ്റപ്പെട്ട ദുര്‍ബല ശബ്ദങ്ങള്‍ ഭ്രമണപഥം വിട്ട മട്ടാണ്‌. പുതിയ വിമര്‍ശനങ്ങളുടെ നിജ സ്ഥിതി പരിശോധിക്കുമ്പോള്‍ പഴയ വിമര്‍ശനങ്ങള്ക്ക്‌ വേണ്ടത്ര പ്രസക്തിയില്ലെന്ന്‌ മനസ്സിലാകും.

മൈക്ക്‌ സെറ്റും പാട്ടുകാരും വീഡിയോഗ്രാഫര്‍മാരുടെ ചടങ്ങു നിയന്ത്രണവും പന്തലില്‍ പരസ്യമായി മദ്യം വിളമ്പിയതുമൊക്കെയാണ്‌ പഴയ കാല വിമര്‍ശകരുടെ പ്രശ്നങ്ങള്. ഇന്നത്തെ വൃണങ്ങളുടെ ആഴവും വ്യാപ്തിയും നോക്കുമ്പോള്‍ ഇതൊക്കെ വെറും ചൊരിയും ചിരങ്ങുകളും മാത്രം!

ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രപരമായ ഉറവിടം കണ്ടെത്തേണ്ടതും പ്രചരിപ്പിക്കേണ്ടതുമൊക്കെ സഭാ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തില്‍പെട്ട കാര്യങ്ങളാണ്‌. ഇതിനപ്പുറം സാമാന്യ ബുദ്ധിക്കു നിരക്കുന്ന ചില സത്യങ്ങള്‍ ഈ ആചാരങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ബന്ധു മിത്രാദികളും ചാര്‍ച്ചക്കാരുമടങ്ങുന്നവരുടെ സാന്നിധ്യം. വരനെയും വധുവിനെയും മോടി പിടിപ്പിക്കല്‍ (ക്ഷുരകന്‍ ചടങ്ങില്‍ സംബന്ധിച്ച്‌ കൂടി വന്നിട്ടുള്ളവരുടെ സാന്നിധ്യത്തില്‍ മണവാളനെ ക്ഷൌരം ചെയ്ത്‌ എണ്ണ തേപ്പിക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണ്‌).

പിതൃ സഹോദരന്മാരില്‍ നിന്ന്‌ ഇഛപ്പാട്‌ (പാച്ചോറും സര്‍ക്കരയും ) സ്വീകരിക്കുന്നതും മറ്റും ബന്ധത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.
പെങ്ങന്മാര്‍ക്കും അളിയന്മാര്‍ക്കും അവരവരുടേതായ കര്‍ത്തവ്യങ്ങളാണുള്ളത്‌. സദ്യവട്ടമൊരുക്കുന്നതില്‍ അയല്‍വാസികള്ക്ക്‌ നിര്‍ണ്ണായക പങ്കാണുള്ളത്‌. ചുരുക്കത്തില്, എല്ലാവരും ചേര്ന്ന്‌ കൂട്ടായ്മയോടെ ഉള്ളത്‌ പങ്കു വച്ചനുഭവിച്ചാസ്വദിക്കാനുള്ളതായിരുന്നു ഇത്തരം ആചാരങ്ങള്.

ഇതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന അയല്‍വാസികള്‍ കാഴ്ചക്കാരായി മാറുന്നതാണ് കാലം മാറിയപ്പോള്‍ നാം കണ്ടത്‌. ക്രമേണ ബന്ധു മിത്രാദികളും ചാര്‍ച്ചക്കാരുമൊക്കെ ആ നിലയിലേക്ക്‌ മാറ്റപ്പെടാതെ തരമില്ലെന്നായി. എല്ലാവരും കാഴ്ചക്കാരാവുകയും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ പുതിയ പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്നതില്‍ മല്‍സരമായി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും സമുദായാംഗങ്ങള്‍ സ്വരുക്കൂട്ടിയ പണക്കൊഴുപ്പ്‌ ഇത്തരം മല്‍സരങ്ങള്ക്ക്‌ വളമേകി.

അമേരിക്കയിലുള്ള ക്നാനായക്കാരന്റെ ചന്തം ചാര്‍ത്ത് വീഡിയോ അടുത്തെയിടെ കമ്പ്യൂട്ടറില്‍ പ്രചരിക്കുകയുണ്ടായി. ക്നാനായ വിവാഹ ആചാരങ്ങളുടെ പ്രചരണമെന്ന മട്ടിലുള്ളതാണ്‌ ഈ വീഡിയോ. മനോഹരമായി അലങ്കരിച്ചിട്ടുള്ള വളരെ വിശാലമായ ഹാളിലാണ്‌ ചടങ്ങ്‌.

റിയാലിറ്റി ഷോകളിലും സിനിമാ അവാര്‍ഡ് ദാന ചടങ്ങുകളിലുമൊക്കെ കാണുമ്പോലെ അനൌണ്സ്മന്റിനെ തുടര്‍ന്ന്‍ മണവാളന്‍ സെറ്റു മുണ്ടുടുത്ത വിദേശിയുടെ കൈ പിടിച്ച്‌ സ്റ്റേജിലേക്ക്‌ വരുന്നു. പശ്ചാത്തലത്തില്‍ ഡബ്ബാംകുത്ത്‌ തമിഴ്‌ പാട്ട്‌ കേള്‍ക്കാം. ഇവരെ തുടര്‍ന്ന്‍സൈക്കിളില്‍ കടന്നു വരുന്നു ക്ഷുരകന്‍മാര്‍.

ക്നാനായക്കാരെ തീര്‍ത്തും അസ്വസ്തരാക്കാന്‍ പോന്നതാണ്‌ ഈ സീനുകള്. നാട്ടിന്‍ പുരങ്ങളിലുള്ള ക്നാനായക്കാരന്‍ പണക്കൊഴുപ്പ്‌ കൂടുന്നതിനനുസരിച്ച്‌ മണവാളന്റെ കൌപീനത്തില്‍ മണികളുടെ എണ്ണം കൂട്ടുകയും പടക്കങ്ങളും അമിട്ടും പൊട്ടിച്ച്‌ അയല്‍പ്രദേശങ്ങളിലുള്ളവരെ ഭയവിഹ്വലരാക്കുകയും ചെയ്യും . അവര്ക്ക്‌ സ്വപ്നം കാണാന്‍ പറ്റാത്ത ധൂര്‍ത്തുമായിട്ടാണ്‌ അമേരിക്കക്കാരന്റെ അടുത്ത തലമുറയുടെ പടപ്പുറപ്പാടെന്നു വ്യക്തം .

ചന്തം ചാര്‍ത്തിനു ചെലവാക്കിയ തുകയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ലല്ലോ കുടുംബജീവിതം . സന്നിഹിതരായ പുരോഹിതരുടെ ബാഹുല്യവും മേലധ്യക്ഷന്റെ സാന്നിധ്യവുമൊന്നും തന്നെ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ നിലനിര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. എല്ലാം ഇവര്‍ക്ക് ഷോയും തമാശയും ആയിരിക്കാം . വിവാഹവും വിവാഹ മോചനവും വീണ്ടും വിവാഹവുമൊക്കെ. എന്തിനും ഏതിനും കുഴലൂതാന്‍ പുരോഹിത വൃന്ദവും കൂടെ തന്നെ കാണുമായിരിക്കും.

എന്നാല്‍ സമുദായത്തിലെ ഇത്തരം വൃണങ്ങളിലെ പഴുപ്പും ചലവും താഴേക്കിടയിലുള്ളവരെ കൂടി ബാധിക്കുമെന്ന കാര്യം ആരോര്‍ക്കുന്നു ?

2 അഭിപ്രായങ്ങൾ:

  1. completly agree with the article. people should realize the real value and every knananites should react boldly than laughing away when the traditional events are made a comedy show.

    മറുപടിഇല്ലാതാക്കൂ
  2. നമുക്ക് അഭിപ്രായം പറയാം. ആരുണ്ട്‌ കേള്‍ക്കാന്‍?
    "ലവികിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹികുന്നവനയി കണ്ടിട്ടു അവനെതിരെ ഹൃദയം അടകുകുന്നുവെങ്കില്‍ അവനില്‍ ദേയവസ്നേഹം എങ്ങനെ കുടികൊള്ളും?. സ്നേഹം പ്രവര്‍ത്തിയിലും സത്യത്തിലും ആണ്."
    1john 3:17,18.

    മറുപടിഇല്ലാതാക്കൂ