2010, ഏപ്രിൽ 13, ചൊവ്വാഴ്ച

വിശ്വാസം

മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ നാമൊക്കെ ജനിച്ച നാള്‍ മുതല്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്യും. മനുഷ്യായുസിനു മനസിലാക്കാനും വിശകലനം ചെയ്യാനും കഴിയുന്നതിനെക്കാള്‍ ആഴത്തിലാണ് പലപ്പോഴും ഇവയുടെ സ്ഥാനം.
ക്രിസ്തുവിനെ "ആശാരി ദൈവം" എന്ന് ചില ഭൌതിക വാദികള്‍ വിശേഷിപ്പിക്കാറുണ്ട്. ക്രിസ്തുവിനെ മനുഷ്യനായി അംഗീകരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. മുസ്ലീമുകള്‍ പ്രവാചകനായും കാണുന്നു. ദൈവ പുത്രനായി കന്യകയിലുള്ള ജനനവും മരണത്തെ തുടര്‍ന്ന് ഉയിര്ത്തെഴുന്നെല്‍പ്പുമാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പലര്‍ക്കും പിടി കിട്ടാതെ പോകുന്ന സമസ്യ.
വിശ്വാസം എന്നാല്‍ പ്രത്യാശയാണ്. ആത്മാവിന്റെ രക്ഷയിലുള്ള പ്രത്യാശ.

മരണശേഷം ആത്മാവിന്റെ അവസ്ഥ എന്തെന്നറിയണമെങ്കില്‍ മരിച്ചു നോക്കുക തന്നെ വേണം. പണ്ഡിതനും പാമരനും ഇക്കാര്യത്തില്‍ യോജിക്കുക തന്നെ ചെയ്യും.
ഭൌതിക ജീവിതത്തില്‍ ദൈവത്തെയും വിശ്വാസത്തെയും അന്വേഷിക്കുന്നത് പലപ്പോഴും എളിയവരും പാപികളും രോഗികളും ആലംബഹീനരുമാണ്. ജനനം മുതല്‍ മരണം വരെ സുഭിക്ഷിതയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് ദൈവവും വിശ്വാസവും പ്രാര്‍ത്ഥനയും ഒക്കെ വെറും കിറുക്കുകള്‍ മാത്രമായി തോന്നും.

മനുഷ്യന്‍ കുരങ്ങില്‍ നിന്ന് രൂപ പരിണാമം പ്രാപിച്ചുവെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുക്തിവിശ്വാസി ശാസ്ത്രം വികസിക്കുന്നതും കാത്തിരിക്കും. എന്തിനും ഏതിനും അവര്‍ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലം ആവശ്യമുണ്ട്. അവരുടെ ദൈവം ശാസ്ത്രമാല്ലെങ്കില്‍ പിന്നെന്ത്?

ആത്മാവിന്റെ രക്ഷയെക്കുറിച്ച് മാത്രം ഘോഷിച്ചാല്‍ കഞ്ഞി കുടി മുട്ടുമെന്നു മനസിലാക്കിയ ആത്മീയ വാദികള്‍ ആണ് വിദഗ്ധമായി ഭൌതിക രക്ഷയ്ക്ക് ഉതകുന്ന വിധത്തില്‍ വിശ്വാസത്തെ ആചാര-അനുഷ്ട്ടനങ്ങളായി പുനര്ക്രമീകരിച്ചത്.

ദാരിദ്ര്യവും പഞ്ഞവും ജീവിതത്തില്‍ ഉടനീളം ആടി തിമിര്‍ക്കുമ്പോള്‍ ബൂര്‍ഷ്വാ കളില്ലാത്ത തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്വപ്നം കാണും ദരിദ്ര യുക്തിവാദി. കോഴിമുട്ട വിറ്റ് ഉണക്കമീന്‍ വാങ്ങി ദാരിദ്ര്യത്തിന് ഭക്ഷണം നല്‍കുന്ന ദരിദ്ര വിശ്വാസിയും കാണും ഇതുപോലുള്ള സ്വപ്നങ്ങള്‍. അത്ഭുതങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിലാവും. ഇത് മുതലെടുക്കുന്നതും ദൈവ ദാസരാണ്.

ദൈവത്തിലോ ശാസ്ത്രത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിച്ചോ വിശ്വസിക്കതെയോ ആര്‍ക്കും എവിടെയും ജീവിക്കാം. ക്രിസ്തു കേവലം മനുഷ്യപുത്ര നാണെന്ന് കരുതിയാല്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്ഭുതങ്ങളും അടയാളങ്ങളും കാണപ്പെടുന്നു എന്നുള്ളത് ആര്‍ക്കു നിഷേധിക്കാനാവും? മാജിക്കോ മന്ത്രമോ എന്തുമാകട്ടെ, മുന്നൂറ്റി മുക്കോടി ദൈവങ്ങളുള്ളതില്‍ ഈ നാമം മാത്രം ഇന്നും ശക്തമായി മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ ഇടപെടുന്നു വെന്നത് സത്യമാണ്.

1 അഭിപ്രായം: