2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ക്രിസ്തു രക്ഷകന്‍

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ക്കും പ്രിയങ്കരമാണ്. മറ്റു മതസ്ഥരില്‍ നിന്നും വ്യത്യസ്തമായി ക്രിസ്ത്യാനികള്‍ ക്രിസ്തുവില്‍ കാണുന്ന മഹത്വം ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പുമാണ്.

ക്രിസ്തുവിന്റെ ഭൌതിക ജീവിതം സംബന്ധിച്ച് ആരെന്ത് എഴുതിയെന്നുള്ളത് ഭൌതിക വ്യവഹാരങ്ങള്‍ മാത്രമാണ്. ക്രിസ്തു വിവാഹിതനായിരുന്നുവെന്നും കുട്ടികളുണ്ടായിരുന്നുവെന്നുംമറ്റും തെളിയിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിന്റെ മഹത്വത്തിന് മങ്ങല്‍ എല്പിക്കുന്നില്ല . കാരണം ലോകത്തിന്റെ പാപങ്ങള്‍ക്ക്‌ വേണ്ടി ഒരാള്‍ അതിനു മുമ്പോ അതിനു ശേഷമോ മരണം വരിച്ച ചരിത്രം ഉണ്ടായിട്ടില്ല.

കല്പനകളുടെ ലംഘനങ്ങളിലൂടെ പാപികളായി തീര്ന്നവര്‍ക്ക് ക്രിസ്തുവിന്റെ ദേഹ ബലിയിലൂടെ പാപ മോചനം. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നതിലെ ലോജിക് ഇത് തന്നെ. കരിക്കന്‍വില്ലാ കൊലക്കേസിലെ മുഖ്യ പ്രതി ജയില്‍ മോചിതനായതിനു ശേഷം അറിയപ്പെടുന്ന സുവിശേഷ പ്രവര്‍ത്തകനായി മാറിയെങ്കില്‍ അതിനു പിന്നില്‍ ഈ ലോജിക് തന്നെയാണുള്ളത്.

കൊലപാതകമോ മറ്റു മാരക പാപങ്ങലോ ചെയ്ത് പശ്ചാത്താപ വിവശരായി സുവിശേഷ വേലയിലെര്‍പ്പെടുന്നതും വെറും ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ദൈവദാസനായി സ്വയം അവരോധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

വിശ്വാസം

മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ നാമൊക്കെ ജനിച്ച നാള്‍ മുതല്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്യും. മനുഷ്യായുസിനു മനസിലാക്കാനും വിശകലനം ചെയ്യാനും കഴിയുന്നതിനെക്കാള്‍ ആഴത്തിലാണ് പലപ്പോഴും ഇവയുടെ സ്ഥാനം.
ക്രിസ്തുവിനെ "ആശാരി ദൈവം" എന്ന് ചില ഭൌതിക വാദികള്‍ വിശേഷിപ്പിക്കാറുണ്ട്. ക്രിസ്തുവിനെ മനുഷ്യനായി അംഗീകരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. മുസ്ലീമുകള്‍ പ്രവാചകനായും കാണുന്നു. ദൈവ പുത്രനായി കന്യകയിലുള്ള ജനനവും മരണത്തെ തുടര്‍ന്ന് ഉയിര്ത്തെഴുന്നെല്‍പ്പുമാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പലര്‍ക്കും പിടി കിട്ടാതെ പോകുന്ന സമസ്യ.
വിശ്വാസം എന്നാല്‍ പ്രത്യാശയാണ്. ആത്മാവിന്റെ രക്ഷയിലുള്ള പ്രത്യാശ.

മരണശേഷം ആത്മാവിന്റെ അവസ്ഥ എന്തെന്നറിയണമെങ്കില്‍ മരിച്ചു നോക്കുക തന്നെ വേണം. പണ്ഡിതനും പാമരനും ഇക്കാര്യത്തില്‍ യോജിക്കുക തന്നെ ചെയ്യും.
ഭൌതിക ജീവിതത്തില്‍ ദൈവത്തെയും വിശ്വാസത്തെയും അന്വേഷിക്കുന്നത് പലപ്പോഴും എളിയവരും പാപികളും രോഗികളും ആലംബഹീനരുമാണ്. ജനനം മുതല്‍ മരണം വരെ സുഭിക്ഷിതയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് ദൈവവും വിശ്വാസവും പ്രാര്‍ത്ഥനയും ഒക്കെ വെറും കിറുക്കുകള്‍ മാത്രമായി തോന്നും.

മനുഷ്യന്‍ കുരങ്ങില്‍ നിന്ന് രൂപ പരിണാമം പ്രാപിച്ചുവെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുക്തിവിശ്വാസി ശാസ്ത്രം വികസിക്കുന്നതും കാത്തിരിക്കും. എന്തിനും ഏതിനും അവര്‍ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലം ആവശ്യമുണ്ട്. അവരുടെ ദൈവം ശാസ്ത്രമാല്ലെങ്കില്‍ പിന്നെന്ത്?

ആത്മാവിന്റെ രക്ഷയെക്കുറിച്ച് മാത്രം ഘോഷിച്ചാല്‍ കഞ്ഞി കുടി മുട്ടുമെന്നു മനസിലാക്കിയ ആത്മീയ വാദികള്‍ ആണ് വിദഗ്ധമായി ഭൌതിക രക്ഷയ്ക്ക് ഉതകുന്ന വിധത്തില്‍ വിശ്വാസത്തെ ആചാര-അനുഷ്ട്ടനങ്ങളായി പുനര്ക്രമീകരിച്ചത്.

ദാരിദ്ര്യവും പഞ്ഞവും ജീവിതത്തില്‍ ഉടനീളം ആടി തിമിര്‍ക്കുമ്പോള്‍ ബൂര്‍ഷ്വാ കളില്ലാത്ത തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്വപ്നം കാണും ദരിദ്ര യുക്തിവാദി. കോഴിമുട്ട വിറ്റ് ഉണക്കമീന്‍ വാങ്ങി ദാരിദ്ര്യത്തിന് ഭക്ഷണം നല്‍കുന്ന ദരിദ്ര വിശ്വാസിയും കാണും ഇതുപോലുള്ള സ്വപ്നങ്ങള്‍. അത്ഭുതങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിലാവും. ഇത് മുതലെടുക്കുന്നതും ദൈവ ദാസരാണ്.

ദൈവത്തിലോ ശാസ്ത്രത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിച്ചോ വിശ്വസിക്കതെയോ ആര്‍ക്കും എവിടെയും ജീവിക്കാം. ക്രിസ്തു കേവലം മനുഷ്യപുത്ര നാണെന്ന് കരുതിയാല്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്ഭുതങ്ങളും അടയാളങ്ങളും കാണപ്പെടുന്നു എന്നുള്ളത് ആര്‍ക്കു നിഷേധിക്കാനാവും? മാജിക്കോ മന്ത്രമോ എന്തുമാകട്ടെ, മുന്നൂറ്റി മുക്കോടി ദൈവങ്ങളുള്ളതില്‍ ഈ നാമം മാത്രം ഇന്നും ശക്തമായി മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ ഇടപെടുന്നു വെന്നത് സത്യമാണ്.

2010, ഏപ്രിൽ 10, ശനിയാഴ്‌ച

വ്രണപ്പെടുന്ന ക്നാനായ ആചാരങ്ങള്‍

"ഇന്നലെ ചെയ്തോരബദ്ധം ചിലര്‍ക്കിന്നത്തെ ആചാരമാകാം. നാളത്തെ ശ്രാസ്ത്രമാതാകാം" എന്ന്‌ കവി വാക്യം. മറ്റു പല ജാതി-സമുദായങ്ങള്‍ക്കുള്ളതുപോലെ ക്നാനായ സമുദായത്തിനും തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്‌. വിവാഹമെന്നതിന്‌ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളത്‌. ചിലര്‍ സാമ്പത്തികമായി രക്ഷപെട്ടതിനു ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റു ചിലര്‍ കല്ല്യാണം കഴിച്ച്‌ "രക്ഷ" പെടുന്നതിനെ കുറിച്ചായിരിക്കും ചിന്തിക്കുന്നത്‌.

ആഘോഷങ്ങളുടെ കാര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും രണ്ടു കൂട്ടര്‍ക്കും സമാന ചിന്താഗതി തന്നെയാണുള്ളത്‌. വ്യക്തി ജീവിതത്തിലെ മറ്റു ചടങ്ങുകളെയൊക്കെ നിഷ് പ്രഭം ആക്കികൊണ്ട് വിവാഹത്തോടനുബന്ധിച്ചുള്ള "ചന്തം ചാര്ത്ത്‌", "മയ്ലാഞ്ചി ഇടീല്" ചടങ്ങുകള്‍ അന്തവും കുന്തവുമില്ലാത്ത "കാളിയമര്‍ദ്ധനങ്ങ"ളായി മാറി കഴിഞ്ഞു.

കാലാകാലങ്ങളായി വിവിധ കോണുകളില്‍ നിന്നും ഇതിനെതിരേ ഉയര്‍ന്നുകൊണ്ടിരുന്ന ഒറ്റപ്പെട്ട ദുര്‍ബല ശബ്ദങ്ങള്‍ ഭ്രമണപഥം വിട്ട മട്ടാണ്‌. പുതിയ വിമര്‍ശനങ്ങളുടെ നിജ സ്ഥിതി പരിശോധിക്കുമ്പോള്‍ പഴയ വിമര്‍ശനങ്ങള്ക്ക്‌ വേണ്ടത്ര പ്രസക്തിയില്ലെന്ന്‌ മനസ്സിലാകും.

മൈക്ക്‌ സെറ്റും പാട്ടുകാരും വീഡിയോഗ്രാഫര്‍മാരുടെ ചടങ്ങു നിയന്ത്രണവും പന്തലില്‍ പരസ്യമായി മദ്യം വിളമ്പിയതുമൊക്കെയാണ്‌ പഴയ കാല വിമര്‍ശകരുടെ പ്രശ്നങ്ങള്. ഇന്നത്തെ വൃണങ്ങളുടെ ആഴവും വ്യാപ്തിയും നോക്കുമ്പോള്‍ ഇതൊക്കെ വെറും ചൊരിയും ചിരങ്ങുകളും മാത്രം!

ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രപരമായ ഉറവിടം കണ്ടെത്തേണ്ടതും പ്രചരിപ്പിക്കേണ്ടതുമൊക്കെ സഭാ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തില്‍പെട്ട കാര്യങ്ങളാണ്‌. ഇതിനപ്പുറം സാമാന്യ ബുദ്ധിക്കു നിരക്കുന്ന ചില സത്യങ്ങള്‍ ഈ ആചാരങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ബന്ധു മിത്രാദികളും ചാര്‍ച്ചക്കാരുമടങ്ങുന്നവരുടെ സാന്നിധ്യം. വരനെയും വധുവിനെയും മോടി പിടിപ്പിക്കല്‍ (ക്ഷുരകന്‍ ചടങ്ങില്‍ സംബന്ധിച്ച്‌ കൂടി വന്നിട്ടുള്ളവരുടെ സാന്നിധ്യത്തില്‍ മണവാളനെ ക്ഷൌരം ചെയ്ത്‌ എണ്ണ തേപ്പിക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണ്‌).

പിതൃ സഹോദരന്മാരില്‍ നിന്ന്‌ ഇഛപ്പാട്‌ (പാച്ചോറും സര്‍ക്കരയും ) സ്വീകരിക്കുന്നതും മറ്റും ബന്ധത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.
പെങ്ങന്മാര്‍ക്കും അളിയന്മാര്‍ക്കും അവരവരുടേതായ കര്‍ത്തവ്യങ്ങളാണുള്ളത്‌. സദ്യവട്ടമൊരുക്കുന്നതില്‍ അയല്‍വാസികള്ക്ക്‌ നിര്‍ണ്ണായക പങ്കാണുള്ളത്‌. ചുരുക്കത്തില്, എല്ലാവരും ചേര്ന്ന്‌ കൂട്ടായ്മയോടെ ഉള്ളത്‌ പങ്കു വച്ചനുഭവിച്ചാസ്വദിക്കാനുള്ളതായിരുന്നു ഇത്തരം ആചാരങ്ങള്.

ഇതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന അയല്‍വാസികള്‍ കാഴ്ചക്കാരായി മാറുന്നതാണ് കാലം മാറിയപ്പോള്‍ നാം കണ്ടത്‌. ക്രമേണ ബന്ധു മിത്രാദികളും ചാര്‍ച്ചക്കാരുമൊക്കെ ആ നിലയിലേക്ക്‌ മാറ്റപ്പെടാതെ തരമില്ലെന്നായി. എല്ലാവരും കാഴ്ചക്കാരാവുകയും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ പുതിയ പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്നതില്‍ മല്‍സരമായി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും സമുദായാംഗങ്ങള്‍ സ്വരുക്കൂട്ടിയ പണക്കൊഴുപ്പ്‌ ഇത്തരം മല്‍സരങ്ങള്ക്ക്‌ വളമേകി.

അമേരിക്കയിലുള്ള ക്നാനായക്കാരന്റെ ചന്തം ചാര്‍ത്ത് വീഡിയോ അടുത്തെയിടെ കമ്പ്യൂട്ടറില്‍ പ്രചരിക്കുകയുണ്ടായി. ക്നാനായ വിവാഹ ആചാരങ്ങളുടെ പ്രചരണമെന്ന മട്ടിലുള്ളതാണ്‌ ഈ വീഡിയോ. മനോഹരമായി അലങ്കരിച്ചിട്ടുള്ള വളരെ വിശാലമായ ഹാളിലാണ്‌ ചടങ്ങ്‌.

റിയാലിറ്റി ഷോകളിലും സിനിമാ അവാര്‍ഡ് ദാന ചടങ്ങുകളിലുമൊക്കെ കാണുമ്പോലെ അനൌണ്സ്മന്റിനെ തുടര്‍ന്ന്‍ മണവാളന്‍ സെറ്റു മുണ്ടുടുത്ത വിദേശിയുടെ കൈ പിടിച്ച്‌ സ്റ്റേജിലേക്ക്‌ വരുന്നു. പശ്ചാത്തലത്തില്‍ ഡബ്ബാംകുത്ത്‌ തമിഴ്‌ പാട്ട്‌ കേള്‍ക്കാം. ഇവരെ തുടര്‍ന്ന്‍സൈക്കിളില്‍ കടന്നു വരുന്നു ക്ഷുരകന്‍മാര്‍.

ക്നാനായക്കാരെ തീര്‍ത്തും അസ്വസ്തരാക്കാന്‍ പോന്നതാണ്‌ ഈ സീനുകള്. നാട്ടിന്‍ പുരങ്ങളിലുള്ള ക്നാനായക്കാരന്‍ പണക്കൊഴുപ്പ്‌ കൂടുന്നതിനനുസരിച്ച്‌ മണവാളന്റെ കൌപീനത്തില്‍ മണികളുടെ എണ്ണം കൂട്ടുകയും പടക്കങ്ങളും അമിട്ടും പൊട്ടിച്ച്‌ അയല്‍പ്രദേശങ്ങളിലുള്ളവരെ ഭയവിഹ്വലരാക്കുകയും ചെയ്യും . അവര്ക്ക്‌ സ്വപ്നം കാണാന്‍ പറ്റാത്ത ധൂര്‍ത്തുമായിട്ടാണ്‌ അമേരിക്കക്കാരന്റെ അടുത്ത തലമുറയുടെ പടപ്പുറപ്പാടെന്നു വ്യക്തം .

ചന്തം ചാര്‍ത്തിനു ചെലവാക്കിയ തുകയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ലല്ലോ കുടുംബജീവിതം . സന്നിഹിതരായ പുരോഹിതരുടെ ബാഹുല്യവും മേലധ്യക്ഷന്റെ സാന്നിധ്യവുമൊന്നും തന്നെ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ നിലനിര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. എല്ലാം ഇവര്‍ക്ക് ഷോയും തമാശയും ആയിരിക്കാം . വിവാഹവും വിവാഹ മോചനവും വീണ്ടും വിവാഹവുമൊക്കെ. എന്തിനും ഏതിനും കുഴലൂതാന്‍ പുരോഹിത വൃന്ദവും കൂടെ തന്നെ കാണുമായിരിക്കും.

എന്നാല്‍ സമുദായത്തിലെ ഇത്തരം വൃണങ്ങളിലെ പഴുപ്പും ചലവും താഴേക്കിടയിലുള്ളവരെ കൂടി ബാധിക്കുമെന്ന കാര്യം ആരോര്‍ക്കുന്നു ?

സമാധാനമില്ലാത്ത സന്മനസുകള്‍ക്ക്..

അനുഭവങ്ങള്‍ അറിവിന്റെ അക്ഷയ ഖനികളാണ് . അനുഭവങ്ങള്ക്ക്‌ കൈപ്പും രുചിയുമുണ്ട്‌. രുചിയേറിയ അനുഭവസാക്ഷ്യങ്ങളാല്‍ ശബ്ദമുഖരിതമാണ്‌ നമ്മുടെ ചുറ്റുപാടുകള്. കൈപ്പു ഏറിയതും ഓര്‍ക്കാനിഷ്ടപ്പെടാത്തതുമായ ഒട്ടനവധി അനുഭവസാക്ഷ്യങ്ങളുടെ വിഴുപ്പു ഭാണ്ഡങ്ങളാല്‍ സമ്പന്നമാണ്‌ ഓരോ മനുഷ്യമനസ്സും.

ദ്രശ്യ -പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ആനുകാലിക സംഭവങ്ങളിലും വാര്‍ത്തകളിലും സത്യത്തിന്റെ ആത്മാവ്‌ പലപ്പോഴും നഷ്ടപ്പെടുന്നു. പക്ഷമെന്നും നിഷ്പക്ഷമെന്നും രണ്ട്‌ പക്ഷം ചേര്ന്ന്‌ അര്‍ദ്ധസത്യത്തെ കീറി പറിച്ച് വായനക്കാരന്റെ ധിഷണയ്ക്ക്‌ അന്നന്നു വേണ്ട അന്നം നല്‍കുന്നവര്‍ സത്യത്തെ എന്നെന്നേക്കുമായി ഇരുട്ടറകളില്‍ ഒളിപ്പിക്കുന്നു.

സത്യത്തെ അന്വേഷിക്കുന്നത് ദൈവത്തെ അന്വേഷിക്കുന്നതിനു തുല്യം. കാരണം ദൈവം സത്യമാണ്‌. അര്‍ദ്ധസത്യങ്ങള്‍ നല്‍കുന്ന മങ്ങിയ വെളിച്ചത്തില്‍ സത്യത്തിന്റെ ഇരുട്ടറകളിലേക്കൂള്ള പ്രയാണം ദുഷ്കരമെങ്കിലും തുടരുന്നവര്‍ക്ക്‌... സമാധാനമില്ലാത്ത സന്മനസുകള്‍ക്ക്...

സഭയും ആഗോള ബാല രതിയും..

സ്വവര്‍ഗ രതി ഒളിഞ്ഞും തെളിഞ്ഞും നില നില്‍ക്കുന്നു. ബാല്യ കാലം പിന്നിടുന്നതിനു മുമ്പ് തന്നെ സെമിനാരികളിലെത്തിപ്പെടുന്ന വൈദിക വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കൂടിയാണിത്. പ്രതിസന്ധികള്‍ തരണം ചെയ്ത് ദൈവ ദാസരായി തീരുന്നതോടെ ബാല പീഡയുടെ ഉത്തരവാദിത്തം ഇവര്‍ സ്വയം ഏറ്റെടുക്കുന്നു. റാഗിങ്ങിന്റെ കാര്യം പോലെ തന്നെ ഇന്നത്തെ ഇര നാളത്തെ വേട്ടക്കാരന്‍! അപവാദങ്ങള്‍ ഇല്ലാതില്ല. ഭൂരിപക്ഷം. ചിലപ്പോള്‍ ന്യൂനപക്ഷം.

രതി നല്‍കുന്ന അനുഭൂതിയാണ് ഒരു പരിധി വരെ ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളെ പ്രതിരോധിക്കുന്നത്. ഇരയും വേട്ടക്കാരനും ഒരിക്കലും പ്രക്ഷോഭം ഉണര്‍ത്തുന്നില്ല. കാരണം അവരിതിന്റെ ഗുണ ഭോക്താക്കളാണ്. മറിച്ച്, സമൂഹം ഇതിനെ പാപമായും ക്രൂരമായും വിമര്‍ശിക്കുന്നു.

സെമിനാരി സംവിധാനങ്ങള്‍ ദുരുപയോഗിച്ചിട്ടുള്ള ഇത്തരം അധമന്മാര്‍ ആത്മീയ ജീവിതത്തിലുടനീളം നൂറു കണക്കിന് പൈതങ്ങളെ ഈവിധം ദുരുപയോഗിക്കുന്നു. തിരുപ്പട്ടം തിരസ്കരിച്ച് വിവാഹ അന്തസ് തെരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ത്രീയോടൊപ്പം കുടുംബ ജീവിതം നയിക്കനാഗ്രഹിക്കുന്നവരെ നമ്മള്‍ വിശ്വാസികള്‍ വെറുക്കുന്നു. നമ്മുടെ തെറ്റായ കാഴ്ച പാടുകള്‍ക്ക് ശരിയായ ദിശാബോധം നല്‍കുവാന്‍ ആരെയാണ് നാം സമീപിക്കേണ്ടത്?