ഇറാക്കില്‍ നിന്ന് കേരളത്തിലേയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയ വംശം എന്നാണ് ക്നാനായക്കാര്‍ തങ്ങളെക്കുറിച്ച് വിശ്വസിക്കുന്നത്. അന്ന് കേരളത്തിലേയ്ക്ക് കുടിയേറിയവര്‍ ഇറാക്കിലുണ്ടായിരുന്ന അവരുടെ ബന്ധു മിത്രാദികളെ കൂടെ കൂടെ പോയി കാണുകയോ ബന്ധം പുതുക്കുകയോ ഉണ്ടായോ ഇല്ലയോ എന്നതൊന്നും വ്യക്തമല്ല. ഇറാക്കില്‍ നമുക്ക് ഉണ്ടായിരുന്ന പൂര്‍വ്വ ബന്ധം നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തില്‍ ഏറെക്കുറെ അന്യം നിന്ന് പോയിരുന്നു എന്നത് സത്യമാണ്. തൊള്ളായിരത്തി പതിനൊന്നില്‍ സ്വന്തമായി രൂപത കിട്ടി എന്നത് ക്നാനായ കത്തോലിക്കാ വിഭാഗത്തിന് സ്വന്തം അസ്ഥിത്വം നില നിര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ക്നാനായ സമുദായത്തിന്റെ ഇറാക്ക്, യഹൂദ ബന്ധം കല്ലു വച്ച നുണ ആണെന്നും ഏതോ പാണ്ടികള്‍ മാത്രമാണെന്നും പറഞ്ഞു പരത്തുന്ന സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ക്ക് ഉള്ള ചരിത്രപരവും വര്‍ത്തമാനകാലത്തിനു നിരക്കുന്നതുമായ ജീവിക്കുന്ന തെളിവാണ് യാക്കോബായ സമുദായത്തില്‍ തുടരുന്ന ക്നാനായ വിഭാഗം.
ഇതൊരു വംശീയ പ്രശ്നമാണ്; ഒപ്പം സീറോ മലബാര്‍ എന്ന റോമാ സിംഹാസനത്തിന്റെ പരമാധികാരം സംബന്ധിച്ച സാങ്കേതികതയുടെ കെട്ടുപാടുകളും. ഇതിനെക്കാള്‍ എല്ലാം ഉപരി ഓരോ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന സിവിലിയന്‍ നിയമ വ്യവസ്ഥകള്‍... ഇതൊക്കെ പരിഗണിച്ചു വേണം സഭാ തലങ്ങളില്‍ ഉള്ളവര്‍ക്കും അധികാര മേഖലകളില്‍ വിരാജിക്കുന്നവര്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.
ഇതൊന്നും പക്ഷേ കേവല വിശ്വാസിക്ക് അറിയേണ്ട കാര്യമില്ല. അവന് ക്നാനായത്വം തകരുന്നതില്‍ വേദനയും രോഷവും പൂണ്ട് വിറളി പിടിച്ചേ മതിയാകൂ. അമേരിക്കയില്‍ സാബു ചെമ്മലക്കുഴിയും യു.കെ.യില്‍ ബിനീഷ് പെരുമാപ്പടവും നടത്തിയ നിരാഹാര സമരം സൂചിപ്പിക്കുന്നത് കേവല ക്നാനായ വിശ്വാസിയുടെ ആത്മ രോഷത്തിന്റെ പ്രതിഫലനമാണ്. ഏതോ ഒത്തു തീര്‍പ്പ് ഉണ്ടാക്കി എന്ന് പറഞ്ഞ് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ മെത്രാന്മാര്‍ക്കും സംഘടനാ സാരഥികള്‍ക്കും ഒപ്പം ഈ പട്ടിണി പാവങ്ങളെ കൂടി നമ്മള്‍ ഓര്‍മിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ