2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

വിമോചന യാത്ര; ഒരു ചരമ ഗീതം

ക്നാനായക്കാരന്‍ അമേരിക്കയില്‍ പോയതും മറ്റ് അറുപതു രാജ്യങ്ങളില്‍ പോയതും ക്നാനായ കത്തോലിക്കാ സഭയ്ക്ക് സൂയി ജൂറിസ് വാങ്ങി കൊടുക്കാനല്ല; അവന്റെ കുടുംബം നോക്കാനും മക്കളെ നല്ല രീതിയില്‍ വളര്‍ത്താനുമാണ്. ലോകത്ത് എവിടെയും പള്ളികള്‍ ഉണ്ട് എന്നത് വലിയ ഒരാശ്വാസമാണ് വിശ്വാസികള്‍ക്ക്‌. ക്നാനായക്കാരന്‍ ഇതില്‍ ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കണ്ട്, കൊന്തയും ചൊല്ലി പോയാല്‍ മതി. നാട്ടില്‍ അവന് കോട്ടയത്ത്‌ ഒരു മെത്രാനും രൂപതയും ഉണ്ട് അവന്റെയും കുടുംബത്തിന്റെയും ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍.

ഇത് മനസ്സിലാക്കാതെ അമേരിക്കയില്‍ വാങ്ങിയ പള്ളികള്‍ക്ക് മറ്റ് അവകാശവാദം വന്നപ്പോള്‍ സൂയി ജൂറിസ് ആയി അടുത്ത കീറാമുട്ടി. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി സമരത്തിന്‌ ഇറങ്ങി പുറപ്പെടുക എന്നതൊന്നും സാമാന്യ രീതിയില്‍ കുടുംബ ജിവിതം നയിക്കുന്നവര്‍ക്ക് ആലോചിക്കാന്‍ പറ്റുന്ന കാര്യമല്ല. അവിടെയാണ് സാബു ചെമ്മലക്കുഴിയുടെ മഹത്വം. അദ്ദേഹം അത് ഏറെക്കുറെ ധീരോദാത്തമായി നിര്‍വഹിക്കുകയും ചെയ്തു.

സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ഇത്തരം അല്‍മേനികളും സില്‍ബന്ധികളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വിദേശങ്ങളിലെ ക്നാനായക്കാര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുക സ്വാഭാവികമാണ്. അത് ഇവിടെയും സംഭവിച്ചു. ആഴ്ചകളും മാസങ്ങളും നീണ്ട പ്രതിരോധ സമര വീഥികളില്‍ എങ്ങും വൈദിക ശ്രേഷ്ടരോ സമുദായ സംഘടനാ നേതാക്കളോ കമാ എന്നൊരക്ഷരം ഉരിയാടിയില്ല.

ഭാര്യ ജോലിക്ക് പോകുമ്പോള്‍ കുട്ടികളുടെ കാര്യങ്ങളും മറ്റ് കുടുംബ കാര്യങ്ങളും നിര്‍വഹിച്ചിട്ട് കിട്ടുന്ന സമയം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുക എന്നത് പോലും ദുഷ്കരമായ സാഹചര്യത്തില്‍ പലരും ഇതില്‍ ഇടപെട്ടത് അവരുടെ വൈകാരികത ഒന്ന് കൊണ്ട് മാത്രമാണ്. സാബു ചെമ്മലക്കുഴിയുടെ സമര രീതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു.കെ. യില്‍ ബിനീഷ്‌ പെരുമാപ്പാടം നടത്തിയ സമരത്തെ സാഹസം എന്ന് തന്നെ വിളിക്കണം.

ഇവര്‍ ഇതുവരെ നടത്തിയ നിരാഹാര സമരത്തിന്റെ സത്യാവസ്ഥ എന്തുമാകട്ടെ, അതിനു തയ്യാറായി എന്നത് കേവലം പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നു എന്ന് ആരോപിക്കുന്നതില്‍ കഴമ്പില്ല. അങ്ങനെ ആരോപിക്കുന്നവരില്‍ എത്ര പേര്‍ തയ്യാറുണ്ട് പ്രഹസനമാണെങ്കില്‍ കൂടി ഇങ്ങനെ ഒരു ഉദ്യമത്തിന്? സഭാധികാരികളുടെയും സംഘടനാ സാരഥികളുടെയും മൗനവും പ്രതികൂല സാഹചര്യങ്ങളിലെ സമര്‍ത്ഥമായ ഇടപെടലുകളുമാണ് മറ്റൊന്ന്.

ഭൌമാതിര്‍ത്തിയുടെ വിവിധ കോണുകളില്‍ നിന്ന് രാവേറെ കഴിഞ്ഞും ഈ വിഷയം ചൂട് പിടിച്ച ചര്‍ച്ച ആകുമ്പോഴും കാലിനിടയില്‍ കൈ പൂട്ടി കിടന്നുറങ്ങിയവര്‍ക്ക് മെത്രാഭിഷേക ദിനം പ്രഖ്യാപിച്ചപ്പോള്‍ പെട്ടെന്ന്‍ വെളിപാട്‌ ഉണ്ടായി. കാര്യങ്ങള്‍ രമ്യതയില്‍ ആയി എന്ന് സംഘടനാ സാരഥികളും. ക്നാനായക്കാര്‍ക്ക്‌ സൂയി ജൂറിസ് പദവി ലഭിച്ചോ? ലഭിച്ചാലും ഇല്ലെങ്കിലും സാബു സാബുവിന്റെ പണി നോക്കുക; അത് പോലെ ബിനീഷും. സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഭാധികാരികള്‍ ഉണ്ട്; അവര്‍ക്ക്‌ കൂട്ടിനു കുട പിടിക്കാന്‍ സംഘടനാ സാരഥികളും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ