ക്നാനായ സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമുദായം ഉന്നയിക്കുന്ന ചരിത്രപരമായ തെളിവുകള്‍ പലതും വ്യാജമാണെന്നും പുരാവസ്തു ശേഖരങ്ങളില്‍ എവിടെയും കണ്ടെത്താനാവാത്തതാണെന്നും ചിലര്‍ സമര്‍ഥിക്കുന്നു. ക്നാനായക്കാരുടെ എഴുപത്തിരണ്ട് പദവികള്‍ സംബന്ധിച്ചും മറ്റുമാണ് ഇവര്‍ക്ക് പരാതി. എന്നാല്‍ ബി.സി.നൂറ്റാണ്ടില്‍ തന്നെ കേരളവുമായി മധ്യപൂര്‍വദേശങ്ങള്‍ക്ക് വാണിജ്യപരമായി ബന്ധമുണ്ടായിരുന്നു എന്നതില്‍ ഇവര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ക്നായി തോമായോ മറ്റേതെങ്കിലും ഒക്കെ തോമാമാരോ വാണിജ്യപരമായി കേരളത്തില്‍ വന്നിരിക്കാം എന്നും ഇവര്‍ കരുതുന്നു.
"ഇക്കൂട്ടര്‍ കേരളത്തില്‍ ഇന്നും ശ്രദ്ധെയരായിരിക്കുന്നത് തികച്ചും ക്രൈസ്തവ വിരുദ്ധമെന്ന്തന്നെ വിശേഷിപ്പിക്കാവുന്ന വംശത്തനിമയില്‍ ഉള്ള വിശ്വാസവും സ്വവംശ വിവാഹനിഷ്ഠ എന്ന പ്രാകൃതാചാരത്തിലുള്ള പിടിവാശിയും കൊണ്ടാണ്" എന്ന് ഒരു ലേഖനം പറയുന്നു. ഇത് തന്നെയല്ലേ ക്നാനായക്കാരും പറയുന്നുള്ളൂ? സ്വവംശ വിവാഹനിഷ്ഠ പ്രാകൃതാചാരം തന്നെയാണ് ; ക്നാനായക്കാരെ സംബന്ധിച്ചും മറ്റാരെ സംബന്ധിച്ചും. ഇക്കാര്യത്തില്‍ പുരോഗമനപരമായ കീഴ്വഴക്കങ്ങള്‍ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന് മറ്റാരെക്കാളും നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ളത് ക്നാനായക്കാര്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് പ്രാകൃതമോ പ്രാചീനമോ എന്തായാലും സ്വവംശ വിവാഹത്തില്‍ സമുദായാംഗങ്ങള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നത്. വംശ തനിമയില്‍ ഉള്ള വിശ്വാസം ക്രൈസ്തവ വിരുദ്ധമായി ക്നാനായ സമൂഹം ഇന്ന് വരെ കരുതിയിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളോടോ വിശ്വാസികളോടോ ഒരിക്കല്‍ പോലും ക്നാനായക്കാര്‍ അസഹിഷ്ണുത പുലര്‍ത്തിയിട്ടില്ല.
ഒരു സമുദായത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഭൌമ ശാസ്ത്ര ഗവേഷണമോ പുരാവസ്തു ഗവേഷണമോ ആവശ്യമുണ്ടോ? ഇവിടെ എത്ര സമുദായങ്ങള്‍ക്കുണ്ട് ചരിത്രപരവും പുരാവസ്തു പരവുമായ പിന്‍ബലം? എന്താണ് ക്നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സ്വഭാവം? വിവാഹ ആഘോഷങ്ങളില്‍ ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്രയേറെ സോഷ്യലിസവും പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റേത് സമുദായമാണ് കേരളത്തിലുള്ളത്? ലോകം മുഴുവനിലുമുള്ള ക്നാനായക്കാരെ പറ്റി അമിത മദ്യപാനികള്‍ എന്ന ദുഷ്കീര്‍ത്തി പരത്തിയിട്ടും സ്വന്തം കയ്യിലെ പണം മുടക്കി നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മദ്യസേവ നല്‍കുന്നതില്‍ സുഖം കണ്ടെത്തുന്ന ക്നാനായക്കാരന്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്നാണോ?
ഒരു സാമാന്യ വ്യക്തിയെ സംബന്ധിച്ച് അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ, വല്യപ്പന്റെ അപ്പന്‍ ഇത്രയും പേരെക്കുറിച്ച് കണ്ടും കേട്ടും ഉള്ള അറിവുണ്ടായിരിക്കും. ഈ അറിവാണ് താന്‍ ഇന്ന സമുദായത്തില്‍ ഉള്ളവനാണെന്ന ബോധ്യം അവനു നല്‍കുന്നത്. അതിനു ചരിത്രപരമായ തെളിവുകളോ തെളിവില്ലായ്മയോ അവനു തടസമാകേണ്ടതില്ല. ആ സമുദായം ഉണ്ടായതിനോ നിലനിന്നതിനോ അവന്‍ ഉത്തരവാദി ആകുന്നില്ല. വിവാഹ പ്രായമാകുമ്പോള്‍ എവിടുന്നെങ്കിലും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഒരിണയെ കണ്ടെത്തിയാല്‍ , ഇഷ്ടപ്പെട്ടാല്‍ അവന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികം.
എഴുപത്തിരണ്ട് പദവികളും ആസ്വദിച്ച് ശ്രേഷ്ട ജീവിതം നയിച്ചവരാണ് ക്നാനായക്കാരുടെ മുന്‍തലമുറ എന്ന മണ്ടന്‍ ചിന്താഗതി ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നു സ്ഥിരബുദ്ധിയുള്ള ഒരു ക്നാനായക്കാരനും കരുതുകയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് ഒരു പക്ഷെ മേല്ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ മനസ്സിലാക്കി കൊടുത്ത ഒരു സമൂഹം കൂടിയായിരിക്കും ക്നാനായക്കാരുടെത്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കേരളത്തിലെ കുടിയേറ്റ ജില്ലകളിലും ലോകത്ത് ആകമാനം ഉള്ള ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്നാനായ സാന്നിധ്യങ്ങളും.
ചിതലെടുത്ത ചരിത്ര സത്യങ്ങളെക്കാള്‍ ജീവിക്കുന്ന തെളിവുകളുടെ അപഗ്രഥ്നങ്ങളാകും കൂടുതല്‍ മിഴിവ് നല്‍കുന്നത്.
May god bless you
മറുപടിഇല്ലാതാക്കൂWonderful writings!!
മറുപടിഇല്ലാതാക്കൂ