യു.കെ.കെ.സി.എ. യുടെ പുതിയ ഭരണ നേതൃത്വം അധികാരമേറ്റെടുത്തു. കഴിഞ്ഞ നേതൃത്വം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് വിട വാങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശവിധേയമായത് മത മേലധ്യക്ഷന്മാരോടും പുരോഹിതരോടുമുള്ള അവരുടെ അതിര് കവിഞ്ഞ വിധേയത്വവും ആശ്രിതത്വവുമാണ്. തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഉണ്ടാകുമ്പോള്‍ ഒന്നിച്ചു കൂടുകയും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് സ്വാഭാവികമായും ഒരു ഭരണ സംവിധാനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ സമുദായാംഗങ്ങളും ഇങ്ങനെ തന്നെ ചിന്തിക്കുന്നവരാണ്. അവര്‍ക്കും അച്ഛന്മാരോടും പിതാക്കന്മാരോടുമൊക്കെ സ്നേഹവും ആദരവും ഒക്കെയുണ്ട്.
സമുദായ സംഘടനകളുടെ നേതൃത്വം അലങ്കരിക്കുന്ന പലരുടെയും വിചാരം എന്തിനും ഏതിനും മത മേലധ്യക്ഷന്റെയോ പുരോഹിതന്റെയോ അനുമതി കൂടിയേ തീരൂ എന്നാണ്. ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായം പുരോഹിതര്‍ക്കോ മേലധ്യക്ഷന്മാര്‍ക്കോ ഉണ്ടാവാനിടയില്ല. ഇതൊരു ഇടവകയല്ല; ഒരു ഇടവകയില്‍ സ്വാഭാവികമായും വൈദികന്റെ നിലപാടുകള്‍ അന്തിമമായി വരാറുണ്ട്, ഭൂരിപക്ഷ അഭിപ്രായം ഇല്ലെങ്കില്‍ കൂടി! യു.കെ.കെ.സി.എ.യില്‍ അംഗങ്ങളായിട്ടുള്ള സമുദായാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു കൂടുന്നത് സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്ഷം തോറും സംഘടിപ്പിക്കാറുള്ള കണ്‍വന്‍ഷനുകളിലാണ്. സംഘടനയില്‍ അംഗങ്ങളല്ലാത്ത അപൂര്‍വം സമുദായാംഗങ്ങളും യു.കെ.യുടെ പല ഭാഗങ്ങളിലും ഇനിയും കണ്ടേക്കാം. സംഘടനയില്‍ അംഗങ്ങള്‍ അല്ലെന്നു കരുതി അവരാരും ക്നാനായക്കാരല്ലാതാകുന്നില്ല. അങ്ങനെയുള്ളവര്‍ക്കും നാട്ടില്‍ ഇടവകയും അച്ഛനും ഒക്കെയുണ്ട്. പിന്നെ മെത്രാന്‍; എല്ലാ സമുദായാംഗങ്ങള്‍ക്കും സമീപസ്ഥനായിരിക്കാന്‍ ഒരു മെത്രാനും കഴിയുകയില്ല. അതുകൊണ്ടാണ് അവര്‍ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാണുകയും കാര്യങ്ങള്‍ ആരായുകയും ഒക്കെ ചെയ്യുന്നത്. ഇത് സമുദായാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ഔദാര്യവും അവകാശവുമാണ്.
രാഷ്ട്രീയക്കാരെ പോലെ ജനങ്ങളില്‍ നിന്നകന്ന് അധികാര കേന്ദ്രങ്ങളുമായി ഒട്ടി നിന്ന് ജന വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. സ്വാഭാവികമായും ഇത്തരക്കാരുടെ നിലപാടുകള്‍ (അവരുടെതാണെങ്കില്‍ പോലും )വൈദികരുടെതെന്നു തെട്ടിദ്ധരിക്കാനും ഇടയുണ്ട്. അങ്ങനെ വിശ്വാസികളുടെ ദൃഷ്ടിയില്‍ വൈദികരും മെത്രാനും ഒക്കെ മോശക്കാരാകാനും ഇടയുണ്ട്. കഴിവുകെട്ട നേതൃത്വവും വ്യക്തിത്വമില്ലായ്മയും സത്യം പിന്തുടരുന്നതിലെ ചങ്കുറപ്പ് ഇല്ലായ്മയും ഒക്കെയാണ് ഇവിടെ വില്ലന്മാര്‍ . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ വ്യക്തി പരമായി കഴിഞ്ഞ ഭരണ സമിതിയെ അനുമോദിക്കേണ്ടതുണ്ട്. യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള സമുദായാംഗങ്ങളുടെ കുടുംബ വിവരം ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി തയ്യാറാക്കിയതിനാണ് അത്. തിരക്കുകള്‍ക്കിടയിലും അങ്ങനെയൊരു ആശയം കണ്ടെത്തി പ്രാബല്യത്തില്‍ വരുത്തുവാന്‍ യത്നിച്ച ഏവരും അഭിനന്ദനം അര്‍ഹിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ