മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക് ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ?
മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക് സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക് ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?
ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത് അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത് വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക് നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?
ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ് ഉണ്ടായത്. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ് ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക് അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ