2012, മാർച്ച് 9, വെള്ളിയാഴ്‌ച

സഭാധികാരവും സംഘടനകളും

കത്തോലിക്കാ സഭയും സംഘടനകളും തമ്മില്‍ അണ്ടര്‍വെയറും വള്ളിയും പോലുള്ള അഭേദ്യ ബന്ധമായിരുന്നു നാളിതുവരെ ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ആ ബന്ധത്തിന് ഉലച്ചില്‍ തട്ടി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭ ദൈവിക സംവിധാനവും സംഘടനകള്‍ മാനുഷിക സംവിധാനവും എന്നാണു വയ്പ്‌. അങ്ങനെയെങ്കില്‍ ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആരംഭം കൂടിയാകുന്നു.

ഇതുവരെയും സംഘടനകള്‍ സഭാധികാരികള്‍ക്ക് അനഭിമതരാകാതിരുന്നതിന് കാരണം ഒരു പക്ഷേ അത് നയിച്ചവര്‍ വെറും ഏറാന്‍ മൂളികളായത് കൊണ്ടോ അല്ലെങ്കില്‍ സഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലെ ഏകാധിപത്യ പ്രവണതകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വായടച്ച് നിഷ്ക്രിയരായതുകൊണ്ടോ ആകാം. സംഘടനകള്‍ ജനിക്കുന്നതിനും മുമ്പ്‌ തന്നെ സഭാധികാരികള്‍ തങ്ങളുടെ (ദൈവീക)അധികാരം വിശ്വാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പിക്കുക പതിവായിരുന്നു. സംഘടനകള്‍ വന്നിട്ടും അത്തരം പ്രവണതകള്‍ ശമിച്ചില്ലെന്നു മാത്രമല്ല; കൂടുതല്‍ ബലപ്പെടുകയും ചെയ്തു.

ദൈവീകാധികാരമെന്ന പേരില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഭാധികാരികള്‍ കൈക്കൊണ്ട ചില വൃത്തികെട്ട സമരമുറകള്‍ ബഹുജന മധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്ത് സ്വയം നഗ്നരാകാനായിരുന്നു സംഘടനകളുടെ യോഗം! കേരളത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തിയ സമരത്തെ നേരിടാന്‍ സഭാധികൃതര്‍ തേടിയത്‌ ഇത്തരം ഹീന മാര്‍ഗമാണ്. ഇത്തരം നഗ്നതാണ്ഡവങ്ങള്‍ക്ക് കുട പിടിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരായ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

സാമുദായികം പോലുള്ള വൈകാരിക വിഷയങ്ങളില്‍ സഭാധികാരികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാതെ വരുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന സംഘടനകളെയും നേതാക്കളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ നടത്തുന്ന ശ്രമം ദൈവീകമാണെങ്കില്‍ കൂടി വച്ചു പൊറുപ്പിക്കാവുന്ന ഒന്നല്ല. ദൈവീകാധികാരം കൈയ്യാളുന്ന തങ്ങളും മനുഷ്യരാണെന്ന മട്ടില്‍ ഈ വിഷയങ്ങളെ സമീപിക്കേണ്ടതുണ്ട്.

കെ.സി.സി.എന്‍.എ. യുടെ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള അങ്ങാടിയത്ത് പിതാവിന്റെ നിലപാട് ഈയര്‍ത്ഥത്തില്‍ അദ്ദേഹം പുനപരിശോധിക്കുകയാണ് വേണ്ടത്‌.. സഭാധികാരികളുടെ ഇംഗിതത്തിനു വഴങ്ങിയില്ലെന്ന കാരണത്താല്‍ പള്ളിയോടനുബന്ധിച്ച് സമാന്തര സംഘടനകള്‍ രൂപീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്‌? രണ്ടിലും അംഗങ്ങള്‍ ആയിട്ടുള്ള വിശ്വാസി സമൂഹം ഒന്നായിരിക്കെ എന്തിനാണ് രണ്ടു സംഘടനകള്‍ ?

ദൈവീകമായി തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ശ്ലൈഹീക അധികാരം കൂദാശകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി മാനുഷികമായി ചിന്തിച്ച് അല്‍മായ സംഘടനകളുമായി കൈ കോര്‍ത്ത്‌ സഭാധികാരികള്‍ പ്രവര്‍ത്തിക്കുന്നതല്ലേ ആധുനിക ലോകക്രമത്തിന് കൂടുതല്‍ ഉചിതം?

1 അഭിപ്രായം: