2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

ക്നാനായ സമുദായത്തില്‍ സന്യസ്തരുടെയും അല്‍മേനികളുടെയും പങ്ക്

ക്നാനായ സമുദായത്തിലെ രണ്ടു ഘടകങ്ങള്‍ ആണ് സന്യസ്തരും അല്‍മായരും. വംശശുദ്ധി കാത്തു പരിപാലിക്കുക എന്ന ചരിത്ര ദൗത്യം അല്‍മായര്‍ നൂറ്റാണ്ടുകളായി പിന്തുടരുമ്പോള്‍ ദൈവവിളി എന്ന നിയോഗവുമായി സ്വന്തം രൂപതയിലും മറ്റ് രൂപതയിലും സേവനം ചെയ്യുക എന്നതാണ് സന്യസ്തധര്‍മ്മം. ആഗോള കത്തോലിക്കാ സഭയുടെ ഭാഗമെന്ന നിലയിലാണ് ക്നാനായ സന്യസ്തര്‍ക്ക് മറ്റ് രൂപതകളില്‍ സേവനം ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുള്ളത്‌.

ഇങ്ങനെ മറ്റ് രൂപതയില്‍ സേവനം ചെയ്യുന്ന അനേകം സന്യസ്തരും ഒന്നിലധികം മെത്രാന്മാരും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. ഈ സന്യസ്തരോ മെത്രാന്മാരോ ക്നാനായ എന്ടോഗമിയുടെ തീവ്ര വക്താക്കള്‍ ആകേണ്ട ആവശ്യമില്ല. കാരണം വളരെ സിമ്പിള്‍ ; അവര്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നില്ല.

എന്നാല്‍ അല്മേനി അങ്ങനെയല്ല. അവന് സമുദായത്തിന് വെളിയില്‍ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാല്‍ വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല, തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയില്‍ അവനു ഇടവകാംഗം ആയി പ്രവേശനം നല്‍കാന്‍ ആ പള്ളികള്‍ തയ്യാറുമാണ്. അവനും കുടുംബവും കത്തോലിക്കാ വിശ്വാസികളായി ശിഷ്ട കാലം ജീവിച്ചു കൊള്ളും. നേരെ മറിച് ക്നാനായ സമുദായത്തില്‍ നിന്ന് തന്നെ പെണ്ണ് കെട്ടുന്നവരും കുടുംബവും സമുദായാംഗങ്ങളായി തുടരുകയും ചെയ്യും.

അമേരിക്കയില്‍ അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് അവിടുത്തെ ക്നാനായ മിഷനില്‍ അംഗങ്ങളായി തുടരാമെന്നാണത്രേ റോമില്‍ നിന്നുള്ള കല്പന. ആകട്ടെ, അതിലെന്താണിത്ര പുകില്‍. .

ഇത് ക്നാനായ സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ്? അമേരിക്കയില്‍ നിന്ന് വിവാഹാലോചന വന്നിരുന്ന പഴയ കാലങ്ങളില്‍ ഒന്നും നോക്കാതെ എടുത്തു ചാടി വിവാഹം കഴിച്ചു വെട്ടില്‍ വീണവര്‍ തീരെ കുറവല്ല. അതോന്നും ഇത്തരം എന്ടോഗമസ് പ്രശ്നങ്ങളായിരുന്നില്ല, മറിച് രണ്ടാം കെട്ടും അതുപോലുള്ള മറ്റ് ചതികളും ആയിരുന്നു.

പിന്നെ അമേരിക്ക എന്ന് കേട്ടാല്‍ രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്നായി. ഇപ്പോഴിതാ മൂന്നാമത്‌ ഒന്നുകൂടി ആലോചിക്കാന്‍ ഒരു കാരണം കൂടി. പക്ഷേ ക്നാനായക്കാര്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തരല്ലെന്നു ആരെങ്കിലും കരുതുന്നുണ്ടോ?

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

യു.കെ.കെ.സി.വൈ.എല്‍ . പഠന കളരി

മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക്‌ ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ?

മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക്‌ സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക്‌ ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?

ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത്‌ അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത്‌ വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക്‌ നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?

ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ്‌ ഉണ്ടായത്‌. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ്‌ ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക്‌ അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.






2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ക്നാനായ സമുദായവും തെളിവ് ശേഖരണക്കാരും

ക്നാനായ സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമുദായം ഉന്നയിക്കുന്ന ചരിത്രപരമായ തെളിവുകള്‍ പലതും വ്യാജമാണെന്നും പുരാവസ്തു ശേഖരങ്ങളില്‍ എവിടെയും കണ്ടെത്താനാവാത്തതാണെന്നും ചിലര്‍ സമര്‍ഥിക്കുന്നു. ക്നാനായക്കാരുടെ എഴുപത്തിരണ്ട് പദവികള്‍ സംബന്ധിച്ചും മറ്റുമാണ് ഇവര്‍ക്ക്‌ പരാതി. എന്നാല്‍ ബി.സി.നൂറ്റാണ്ടില്‍ തന്നെ കേരളവുമായി മധ്യപൂര്‍വദേശങ്ങള്‍ക്ക് വാണിജ്യപരമായി ബന്ധമുണ്ടായിരുന്നു എന്നതില്‍ ഇവര്‍ക്ക്‌ അഭിപ്രായ വ്യത്യാസമില്ല. ക്നായി തോമായോ മറ്റേതെങ്കിലും ഒക്കെ തോമാമാരോ വാണിജ്യപരമായി കേരളത്തില്‍ വന്നിരിക്കാം എന്നും ഇവര്‍ കരുതുന്നു.


"ഇക്കൂട്ടര്‍ കേരളത്തില്‍ ഇന്നും ശ്രദ്ധെയരായിരിക്കുന്നത് തികച്ചും ക്രൈസ്തവ വിരുദ്ധമെന്ന്തന്നെ വിശേഷിപ്പിക്കാവുന്ന വംശത്തനിമയില്‍ ഉള്ള വിശ്വാസവും സ്വവംശ വിവാഹനിഷ്ഠ എന്ന പ്രാകൃതാചാരത്തിലുള്ള പിടിവാശിയും കൊണ്ടാണ്" എന്ന് ഒരു ലേഖനം പറയുന്നു. ഇത് തന്നെയല്ലേ ക്നാനായക്കാരും പറയുന്നുള്ളൂ? സ്വവംശ വിവാഹനിഷ്ഠ പ്രാകൃതാചാരം തന്നെയാണ് ; ക്നാനായക്കാരെ സംബന്ധിച്ചും മറ്റാരെ സംബന്ധിച്ചും. ഇക്കാര്യത്തില്‍ പുരോഗമനപരമായ കീഴ്വഴക്കങ്ങള്‍ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന് മറ്റാരെക്കാളും നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ളത് ക്നാനായക്കാര്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് പ്രാകൃതമോ പ്രാചീനമോ എന്തായാലും സ്വവംശ വിവാഹത്തില്‍ സമുദായാംഗങ്ങള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നത്. വംശ തനിമയില്‍ ഉള്ള വിശ്വാസം ക്രൈസ്തവ വിരുദ്ധമായി ക്നാനായ സമൂഹം ഇന്ന് വരെ കരുതിയിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളോടോ വിശ്വാസികളോടോ ഒരിക്കല്‍ പോലും ക്നാനായക്കാര്‍ അസഹിഷ്ണുത പുലര്‍ത്തിയിട്ടില്ല.


ഒരു സമുദായത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഭൌമ ശാസ്ത്ര ഗവേഷണമോ പുരാവസ്തു ഗവേഷണമോ ആവശ്യമുണ്ടോ? ഇവിടെ എത്ര സമുദായങ്ങള്‍ക്കുണ്ട് ചരിത്രപരവും പുരാവസ്തു പരവുമായ പിന്‍ബലം? എന്താണ് ക്നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സ്വഭാവം? വിവാഹ ആഘോഷങ്ങളില്‍ ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്രയേറെ സോഷ്യലിസവും പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റേത് സമുദായമാണ് കേരളത്തിലുള്ളത്? ലോകം മുഴുവനിലുമുള്ള ക്നാനായക്കാരെ പറ്റി അമിത മദ്യപാനികള്‍ എന്ന ദുഷ്കീര്‍ത്തി പരത്തിയിട്ടും സ്വന്തം കയ്യിലെ പണം മുടക്കി നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മദ്യസേവ നല്‍കുന്നതില്‍ സുഖം കണ്ടെത്തുന്ന ക്നാനായക്കാരന്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്നാണോ?


ഒരു സാമാന്യ വ്യക്തിയെ സംബന്ധിച്ച് അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ, വല്യപ്പന്റെ അപ്പന്‍ ഇത്രയും പേരെക്കുറിച്ച് കണ്ടും കേട്ടും ഉള്ള അറിവുണ്ടായിരിക്കും. ഈ അറിവാണ് താന്‍ ഇന്ന സമുദായത്തില്‍ ഉള്ളവനാണെന്ന ബോധ്യം അവനു നല്‍കുന്നത്. അതിനു ചരിത്രപരമായ തെളിവുകളോ തെളിവില്ലായ്മയോ അവനു തടസമാകേണ്ടതില്ല. ആ സമുദായം ഉണ്ടായതിനോ നിലനിന്നതിനോ അവന്‍ ഉത്തരവാദി ആകുന്നില്ല. വിവാഹ പ്രായമാകുമ്പോള്‍ എവിടുന്നെങ്കിലും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഒരിണയെ കണ്ടെത്തിയാല്‍ , ഇഷ്ടപ്പെട്ടാല്‍ അവന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികം.


എഴുപത്തിരണ്ട് പദവികളും ആസ്വദിച്ച് ശ്രേഷ്ട ജീവിതം നയിച്ചവരാണ് ക്നാനായക്കാരുടെ മുന്‍തലമുറ എന്ന മണ്ടന്‍ ചിന്താഗതി ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നു സ്ഥിരബുദ്ധിയുള്ള ഒരു ക്നാനായക്കാരനും കരുതുകയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് ഒരു പക്ഷെ മേല്ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ മനസ്സിലാക്കി കൊടുത്ത ഒരു സമൂഹം കൂടിയായിരിക്കും ക്നാനായക്കാരുടെത്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കേരളത്തിലെ കുടിയേറ്റ ജില്ലകളിലും ലോകത്ത്‌ ആകമാനം ഉള്ള ആതുര ശുശ്രൂഷാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ക്നാനായ സാന്നിധ്യങ്ങളും.


ചിതലെടുത്ത ചരിത്ര സത്യങ്ങളെക്കാള്‍ ജീവിക്കുന്ന തെളിവുകളുടെ അപഗ്രഥ്നങ്ങളാകും കൂടുതല്‍ മിഴിവ് നല്‍കുന്നത്.