അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണത്രേ! സാമ്പത്തിക ശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ളവരും അല്ലാത്തവരും കാര്യ കാരണങ്ങള്‍ സഹിതം മാധ്യമങ്ങളിലൂടെ ഇത് വിശദമാക്കാന്‍ ശ്രമിക്കുന്നു. പൊതു കടം, കടപത്രം, ഓഹരി വിപണി, മൂലധനം, തുടങ്ങി ഒരു രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ നേരിട്ട് ബാധിക്കുന്ന അനേകം ഘടകങ്ങള്‍ക്ക് ഇന്ന് അമേരിക്കയില്‍ പ്രതികൂല സാഹചര്യമാണത്രേ ഉള്ളത്. പോരാത്തതിന് യുദ്ധം വരുത്തി വച്ച അധിക ബാധ്യതയും.
പരമ്പരാഗതമായി അമേരിക്ക സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശുഷ്കാന്തിയുള്ള ഒരു രാഷ്ട്രമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന പല യുദ്ധങ്ങളും അവരുടെ ഇംഗിതം ലക്ഷ്യമാക്കി മാത്രം വിഭാവന ചെയ്യപ്പെട്ടവയാണ്. ഇത്തരം യുദ്ധങ്ങളിലൂടെ അവര്‍ ലക്ഷ്യമിട്ടതും ആ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളോ അസംസ്കൃത വസ്തുക്കളോ ഒക്കെ തന്നെയായിരുന്നു.
സ്വന്തം കഴിവുകള്‍ കൊണ്ടും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവുകള്‍ കൊണ്ടും ലോക രാഷ്ട്രങ്ങളില്‍ ഒന്നാമന്‍ എന്ന ഖ്യാതി നേടിയ പരമ്പരാഗത രാഷ്ട്രത്തിനാണ് ഇന്നീ ദുര്യോഗമെന്നോര്‍ക്കണം.
അമേരിക്കന്‍ ഐക്യ നാടുകള്‍ ആനയാണെങ്കില്‍ നമ്മുടെ കൊച്ചു കേരളം രൂപീക്രുതമാകുന്നതിനു മുമ്പുള്ള തിരുവിതാംകൂര്‍ വെറും അണ്ണാനാണ്. ലോക യുദ്ധം പോയിട്ട് മറ്റ് നാട്ടു രാജ്യങ്ങളായിട്ട് പോലും വഴക്കിനും വയ്യാവേലിക്കും മുതിരാതെ സമാധാനത്തില്‍ കഴിഞ്ഞു കൂടിയ ഒരു കൊച്ചു രാജ്യവും അതിലെ ദരിദ്രരായ പ്രജകളും!
ഈ പ്രജകളുടെ പിന്മുറക്കാര്‍ ഇന്ന് അമേരിക്കയില്‍ മാത്രമല്ല; ലോകത്തിന്റെ മുക്കിലും മൂലയിലും അരികിലും എല്ലാമുണ്ട്. ഇവര്‍ക്ക് കിട്ടിയ വിദേശ നാണയം നമ്മുടെ കൊച്ചു കേരളത്തെ ഇത്രയുമെങ്കിലും വികസിപ്പിക്കാന്‍ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
അങ്ങനെയിരിക്കുമ്പോഴാണ് മലയാളിയെ എന്നല്ല; സാക്ഷാല്‍ അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തില്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്.
വലുപ്പ ചെറുപ്പം അവിടെ നില്‍ക്കട്ടെ; ഇത് രണ്ടു രാജ്യങ്ങളും അവിടുത്തെ പ്രജകളും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന വൈരുദ്ധ്യങ്ങളിലെക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. എങ്ങനെയും സമ്പത്ത് സ്വരൂപിക്കുകയും ആര്‍ഭാടപൂര്‍വ്വം ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന സമൂഹം ഒരു വശത്ത്. ദാരിദ്ര്യത്തിന്റെ കൊടുമുടികളില്‍ കഴിയുമ്പോഴും ദൈവത്തിനും ആരാധനാലയങ്ങള്‍ക്കും പണമായും പണ്ടമായും ദാനം ചെയ്തു സ്വന്തം ദാരിദ്ര്യത്തിനു കൂടുതല്‍ ഊക്കും മിഴിവും നല്‍കിയ മറ്റൊരു സമൂഹം മറുവശത്തും!
അമേരിക്കയിലെ ഏതെങ്കിലും ദൈവാലയത്തില്‍ ഇങ്ങനെ ഒരു നിധി ശേഖരം സ്വപ്നം കാണാന്‍ കഴിയില്ല. ആരാധനാലയങ്ങള്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണെന്നതായിരിക്കാം ഒരു കാരണം. മറ്റൊന്ന്‍; വിശ്വാസികളുടെ നിലപാടുകളാണ്. അമേരിക്കയിലെ ജനങ്ങള്‍ കാലങ്ങളായി ആരാധനാലയങ്ങളെയും മതാനുഷ്ടാനങ്ങളെയും അന്ധമായി പിന്തുടരുന്നതില്‍ വൈമുഖ്യമുള്ളവരാണ്. അവരുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുള്ള ഉറപ്പായിരിക്കാം ഈ വൈമുഖ്യത്ത്തിനു പിന്നില്‍.
മറ്റെല്ലാ സമൂഹത്തിനുമെന്നതുപോലെ അവിടുത്തെ മലയാളി സമൂഹത്തിനും സര്‍ക്കാറിന്റെ ഈ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണ്. ഇക്കൂട്ടര്‍ക്ക് ആരാധനാലയങ്ങളോടും അനുഷ്ടാനങ്ങളോടും വൈമുഖ്യമില്ലെന്നു മാത്രമല്ല; തീവ്രമായ ഒരഭിനിവേശം കൂടി ഉണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വര്‍ധിച്ചു വരുന്ന പള്ളി വാങ്ങലുകളും അതേതുടര്‍ന്നുള്ള വിവാദങ്ങളും.
കേരളം ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നപ്പോഴും അമേരിക്കയില്‍ കഴിയാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളുണ്ട്. അമേരിക്ക സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുമ്പോഴും അനേകം മലയാളികള്‍ അവിടെ സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. കൈയ്യില്‍ കുറെ ഡോളറുമായി കേരളത്തില്‍ പണ്ടു ചെന്നിറങ്ങുന്നതും ഇന്നിറങ്ങുന്നതുമായി ആനയും അണ്ണാനും പോലുള്ള വ്യത്യാസമുണ്ട്.
സാമ്പത്തിക ശാസ്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ മനസിലാകാത്തവര്‍ക്കും ചില സാമ്പത്തിക സത്യങ്ങള്‍ മനസിലാക്കാന്‍ പര്യാപ്തമാണ് ഈ വ്യത്യാസം. ഇന്ത്യ സാമ്പത്തികമായ കുതിപ്പിലാണെന്നും അമേരിക്കയും അതുപോലുള്ള വികസിത രാജ്യങ്ങളും വളര്‍ച്ച മുരടിച്ച അവസ്ഥയിലുമാണെന്നതാണ് ആ സത്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ