ക്നാനായ വികാരം എന്താണെന്നുള്ളതിന്റെ നിര്‍വചനം കൂടിയാണ് റാലിയിലെ ഈ ജനപങ്കാളിത്തം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്നാനായ കുടിയേറ്റത്തിനു വസ്തുതാ പരമായ തെളിവുകള്‍ തേടി അലയുന്ന ക്നാനായ വിരുദ്ധരും (സ്വവംശ വിവാഹ നിഷ്ഠ തെറ്റിച്ച ചുരുക്കം ക്നാനായക്കാരാണിക്കൂട്ടര്‍ എന്നതാണ് രസാവഹം) സിരകളില്‍ ഒഴുകുന്നത് രാജരക്തം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളംബരം ചെയ്യുന്ന ക്നാനായ തീവ്രവാദികളും ഒരേപോലെ ആത്മശോധന ചെയ്യേണ്ട ചില വസ്തുതകളുണ്ട്.
ക്നാനായ സമുദായത്തെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടു വിശേഷിപ്പിച്ച സമുദായാംഗങ്ങളല്ലാത്ത ചില വൈദിക ശ്രേഷ്ടരുണ്ട്. സമുദായം സംഘടിപ്പിച്ച വിശേഷാവസരങ്ങളില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോള്‍ കാട്ടുന്ന സുഖിപ്പിക്കല്‍ എന്നതിനപ്പുറം ഗൗരവമായി ഏതെന്കിലും ക്നാനായക്കാരന്‍ അത്തരം പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കുമെന്നു കരുതുക പ്രയാസമാണ്.
റോമന്‍ കത്തോലിക്കാ സഭയ്ക്ക് കീഴില്‍ അതിരൂപതയായി തുടരുമ്പോഴും ലോകത്താകമാനമുള്ള നാല്‍പതിനായിരം വരുന്ന ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്ക് അവരായിരിക്കുന്ന ഇടങ്ങളില്‍ സ്വന്തം രൂപത എന്ന ആശയത്തിനു പഴക്കമേറെയുണ്ട്. സഫലീക്രുതമാകാന്‍ വൈകുന്ന ഈ രൂപതകളെ സംബന്ധിച്ച അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുടെ വാക്കുകള്‍ ഏതൊരു ക്നാനായകാരനിലും നൊമ്പരം ഉണര്‍ത്താന്‍ പര്യാപ്തമാണ്.
ഇതൊന്നുമില്ലെന്കിലും ക്നാനായക്കാരന്‍ ക്നാനയക്കാരനായിട്ടു തന്നെ ജീവിക്കും. ക്നാനായക്കാരന്റെ നൂറു വര്ഷം മുമ്പ് വരെയുള്ള ജീവിതമാണ് അതിനു തെളിവ്. അഷ്ടിക്കു വക തേടി സ്വന്തം കുടുംബം വിട്ട് പരദേശവാസം നടത്തിയവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ക്നാനായക്കാര്‍. പള്ളിയും പട്ടക്കാരനും പോയിട്ട് മനുഷ്യ വാസം പോലുമില്ലാത്ത ഇടങ്ങളില്‍ കടന്നു ചെന്ന് വന്യജീവികളോട് പോരുതിയും കാടും മലയും വെട്ടി തെളിച്ച് കൃഷി ചെയ്തു ഉപജീവനം നിര്‍വഹിച്ച ഒരു ജനത.
അതിജീവിച്ചു എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായും അതിജീവിച്ചു എന്ന് അര്‍ത്ഥമാക്കുന്നത് ശരിയല്ല. ഒരു ചെറു ന്യൂനപക്ഷം എങ്കിലും പലയിടങ്ങളില്‍ പല നാളുകളില്‍ പട്ടു പോയിയിട്ടുണ്ടാവും തീര്‍ച്ച! അവരെക്കുറിച്ച് ആരോര്‍ക്കുന്നു? ഇവരെക്കൂടാതെ സ്വയം കൃതാനര്‍ത്ഥം കൊണ്ട് സമുദായത്തിന് വെളിയിലായവര്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍. അവരാരും ഏതെന്കിലും രീതിയില്‍ സമുദായത്തോട് ഏറ്റുമുട്ടിയതായി അറിവില്ല; പകരം സ്വന്തം സുഖം തേടി വിദേശ രാജ്യങ്ങളില്‍ എത്തിപ്പെട്ട സ്വവംശ വിവാഹ നിഷ്ഠ പാലിക്കാന്‍ മറന്നു പോയ ക്നാനായകാരാണ് സമുദായത്തിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വിഘാതമായിട്ടുള്ളത്.
ഇവരോട് ഏറ്റുമുട്ടുന്നതാകട്ടെ, ക്നാനായ തീവ്രവാദികളും! ഈ രണ്ടു വിഭാഗങ്ങളെയും അനുനയിപ്പിക്കുക എന്നതാണ് ക്നാനായ സമുദായം ഈ ശതാബ്ദി വര്‍ഷത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.