2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

നാഷണല്‍ കൗണ്‍സിലും ഓണത്തല്ലും

തല്ലു കൊള്ളാത്തവരായി മലയാളികള്‍ ആരും കാണില്ല. ജനിച്ചു വീഴുമ്പോഴുള്ള ഓമനത്തം പരമാവധി ഒന്ന് രണ്ടു വര്‍ഷം കൊണ്ട് തല്ലുകൊള്ളി തരത്തിന് വഴി മാറും. പിന്നെ ചിലര്‍ക്ക് അടിയുടെ പൂരമാണ്. ഭാരതീയ സങ്കല്‍പം അനുസരിച്ച് ദൈവതുല്യരായ മാതാ-പിതാ-ഗുരു വില്‍ നിന്നാണ് ഈ അടികള്‍ അത്രയും വാങ്ങേണ്ടി വന്നിരുന്നത് . ഇങ്ങനെ വാങ്ങിയ ഓരോ അടിയും വേദനയ്ക്കൊപ്പം ജീവിതത്തില്‍ എങ്ങനെ നന്നായി ജീവിക്കണമെന്ന മാര്‍ഗ്ഗ ദര്‍ശനം കൂടി നല്‍കുന്നതായിരുന്നു.

സായിപ്പിന്റെ നാട്ടില്‍ പക്ഷെ സംഗതി നേരെ തിരിച്ചാണ്. ഇവിടെ ദൈവതുല്യരായ മാതാവോ പിതാവോ ഗുരുവോ മക്കളെയോ ശിഷ്യരെയോ അടിക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നത് തന്നെ വലിയ ക്രിമിനല്‍ കുറ്റവും തക്ക ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ തെറ്റാണ്.

അങ്ങനെയുള്ള നാട്ടില്‍ വന്നു പെട്ടിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടവര്‍ തങ്ങളില്‍ പെട്ട ഒരുവനെ തല്ലി;അല്ലെങ്കില്‍ തല്ലാന്‍ ശ്രമിച്ചു എന്നത് ഗൗരവമായ ഒരു പഠന വിഷയമാകേണ്ടതാണ്. ക്നാനായക്കാര്‍ക്ക് തല്ലും തലോടലും ഒരു പുത്തരിയല്ല. സ്വന്തം സഹോദരങ്ങള്‍ തമ്മില്‍ നിസ്സാരമായ വിഷയങ്ങളില്‍ വാക്കേറ്റം ഉണ്ടാകുകയും ചിലതെല്ലാം തല്ലില്‍ കലാശിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഒരു ക്നാനായക്കാരന്‍ മറ്റൊരു ക്നാനായക്കാരനെ തല്ലിയെങ്കില്‍ അത് സ്വത്ത് തര്‍ക്കമോ വിവാഹാചാരങ്ങളില്‍ സ്ഥാനം ലഭിക്കായ്കയോ ഒന്നുമല്ല; മറിച്ച്, സംഘടനയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാതെ പോയതിലുള്ള വൈകാരിക വിക്ഷോഭമാണെന്നത് ഏറെ ലജ്ജാവഹമാകുന്നു.

സ്വാഭാവികമായും അടിച്ചവന്‍ മോശക്കാരനും അടി കൊണ്ടവന്‍ നല്ലവനും എന്നൊരു കീഴ്വഴക്കം പണ്ട് മുതലേ ഉണ്ട്. ഒരു ദ്വന്ദ്വയുദ്ധ വേദി ആയിരുന്നില്ല അതെങ്കിലും സ്റ്റേജില്‍ ഒരു കാരണവും കൂടാതെ തന്നെ തല്ലിയവനെ തിരിച്ചു തല്ലാന്‍ തല്ലു കൊണ്ടയാള്‍ക്ക് വളരെ ചെറിയ ഒരു പ്രതികരണ ശേഷിയെ വേണ്ടിയിരുന്നുള്ളൂ.

അത് ചെയ്യാതിരുന്നത് തല്ലു കൊണ്ടവന്റെ മഹത്വമെന്നു ചിലരും കഴിവില്ലായ്മയെന്ന് മറ്റു ചിലരും പറയും! കഴിവില്ലായ്മയാണെങ്കില്‍ കൂടി അതിനും ഒരു മഹത്വം ഉണ്ട്.

സംഘടനയില്‍ നിന്ന് സമയ ബന്ധിതമായി ഇയാളുടെ അംഗത്വം നീക്കം ചെയ്തതിലൂടെ സംഘടന മാതൃകാപരമായ ഒരു ശിക്ഷാവിധി കല്‍പിച്ചു. വേണമെങ്കില്‍ ഇവിടുത്തെ നിയമം അനുശാസിക്കുന്ന വിധത്തില്‍ പോലീസില്‍ കേസ്‌ രജിസ്ടര്‍ ചെയ്യാന്‍ കഴിയും. അതിനു മുതിരാതെ ഈ വിഷയം വളരെയധികം അച്ചടക്കത്തോടെ കൈകാര്യം ചെയ്ത ഈ ഭരണ സമിതിയെ എത്ര നമ്മള്‍ അഭിനന്ദിക്കണം?

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പ്രവാസിയും ആത്മീയതയും

എങ്ങനെയും രക്ഷ പെടണമെങ്കില്‍ നാട് വിടണമെന്ന ചിന്ത പ്രാചീനകാലം മുതല്‍ മലയാളികളെ സ്വാധീനിച്ചിരുന്നു. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും വ്യവസായങ്ങളുടെ അഭാവവും ഒക്കെ കൂടി ഒരു തരം അരക്ഷിതാവസ്ഥയിലായിരുന്നു കേരളത്തിലെ യുവജനങ്ങള്‍ ഏതാണ്ട് എല്ലാ കാലങ്ങളിലും.

അയല്‍ സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒക്കെ പണി തരപ്പെടുമെന്ന മോഹവുമായി വീട്ടുകാരറിഞ്ഞും അറിയാതെയും കള്ള വണ്ടി കയറിയും ഒറ്റയ്ക്കും കൂട്ടായും നാട് വിട്ടവര്‍ അനവധിയാണ്. പിന്നീട് സിനിമയില്‍ കാണുന്നതുപോലെ വലിയ പണക്കാരായി തിരിച്ചു വന്നവരുണ്ട്; വലിയ കുഴപ്പമില്ലാതെ ജീവിചു പോയവരുണ്ട് ; ഒരിക്കലും മടങ്ങി വരാതെ ജീവിക്കുന്നവരും മരിച്ചവരുമുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ പ്രവൃത്തി പരിചയവും അനുഭവങ്ങളും മാത്രം കൈമുതലാക്കി ഗള്‍ഫ്‌ എന്ന സ്വപ്ന ഭൂമിയിലേക്ക് ചിറകടിച്ചുയര്‍ന്നവരും ഏറെയാണ്. എന്നാല്‍ ഇവിടെയൊക്കെ ഉത്പാദനപരമായ അല്ലെങ്കില്‍ വാണിജ്യ പരമായ മേഖലകളില്‍ തങ്ങള്‍ക്കിണങ്ങുന്ന ചെറുതും വലുതുമായ സേവന മേഖലകളില്‍ ഏര്‍പ്പെട്ടു ജീവിതം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

കുട്ടുംബം എന്ന സങ്കല്പത്തിന് നിറവും മിഴിവും നല്‍കുന്നതില്‍ നാട് വിട്ടുള്ള ഈ ജൈത്രയാത്ര പലര്‍ക്കും തുണയായി. പെണ്‍കുട്ടികള്‍ സമാന്തരമെന്ന വണ്ണം അന്യ സംസ്ഥാനങ്ങളില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്ന്‍ ഭാവി കരുപ്പിടിപ്പിക്കുകയായിരുന്നു.

നാട്ടിലും ഗള്‍ഫിലും നമ്മള്‍ അറിയുന്ന നേഴ്സിംഗ് സേവന മേഖല തികച്ചും ആസ്പത്രികള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആസ്പത്രികളില്‍ ഉള്ളത് പോലെയോ അതിനേക്കാള്‍ ഏറെയോ ഈ സേവനം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളാണ് വൃദ്ധ സദനങ്ങള്‍ .

നല്ല ശതമാനം മലയാളികള്‍ പല രാജ്യങ്ങളിലും കെയര്‍ഹോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ മിക്കവരും നേഴ്സിംഗ് , സീനിയര്‍ കെയറര്‍ തുടങ്ങിയ തസ്തികകളില്‍ ആണെങ്കില്‍ പുരുഷന്മാര്‍ അധികവും കേറ്ററിംഗ്, ലോണ്ട്രി, ക്ലീനിംഗ് തുടങ്ങി മറ്റ് അസിസ്റന്റ് തസ്തികകളിലാണ്. നേഴ്സുമാരും കുറവല്ല.

ജോലിക്ക് മാസശമ്പളം എന്ന നമുക്ക്‌ പരിചിതമായ സംവിധാനമല്ല ഇവിടെയുള്ളത്. പകരം മണിക്കൂറിനു ഇത്ര പൗണ്ട് എന്ന രീതിയില്‍ ആഴ്ചയില്‍ മുപ്പത്‌ / നാല്‍പത്‌ മണിക്കൂര്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ ധാരണയാകുകയാണ് പതിവ്.

മനുഷ്യന് പണത്തിനോട് വല്ലാത്ത ഒരു തരം ആര്‍ത്തിയുണ്ട്. ഇക്കാര്യത്തില്‍ മലയാളിക്കുള്ള ആര്‍ത്തി ഇംഗ്ലീഷുകാരെയും ആഫ്രിക്കകാരെയും ഒക്കെ പിന്നിലാക്കുന്ന തരത്തിലുള്ളതാണ്. പുരുഷന്മാരേക്കാള്‍ മാലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ലോകത്ത്‌ ആരുമായും കിട പിടിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെയോ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലോ ഓവര്‍ ടൈം ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇതൊരു തെറ്റാണെന്നോ മോശം കീഴ്വഴക്കമാണെന്നോ അസൂയ പൂണ്ടു വിമര്‍ശിക്കുകയല്ല; മറിച്ച് ഇങ്ങനെ അധിക ജോലിയില്‍ ഏര്‍പ്പെടുക വഴി കുറച്ചു സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും കുടുംബ ജീവിതങ്ങളില്‍ ഉണ്ടാകാനിടയുള്ള സൈഡ് ഇഫക്ടുകള്‍ക്കുള്ള സാധ്യതകള്‍ കണ്ടില്ലെന്നു നടിക്കരുത്.

ഈ അധിക ജോലിയുടെയും അമിത വേതനത്തിന്റെയും പരിണിത ഫലങ്ങളില്‍ ഒന്നാണ് കേരളത്തില്‍ ഭൂമി വിലയില്‍ വന്ന ഭീമമായ വര്‍ധന! ഒരുവന്‍ ലോണെടുത്ത് പത്തു സെന്റ്‌ വാങ്ങിയെന്നറിഞ്ഞാല്‍ അടുത്തവന്‍ ലോണ്‍ എടുത്തു പത്തേക്കര്‍ വാങ്ങി സ്വയം കേമനാകും.

കേമന്മാരും കേമികളും തങ്ങളുടെ ആയുസ്സിനെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ചിന്തിക്കാതെ രാപകല്‍ ഇല്ലാതെ നെട്ടോട്ടമാണ്. ഇതിനിടയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ ... അവര്‍ ക്ലാസ്‌ മുറികളിലും സഹപാഠികളിലും നിന്ന് ഇംഗ്ലീഷ്‌ ഭാഷയും അമ്മയപ്പന്മാരില്‍ നിന്ന് ശകാരവും വഴക്കും മലയാളത്തിലും കേട്ട് വളര്‍ന്നു വലുതാകും!

പ്രവാസി മലയാളി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, ചിലരെങ്കിലും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മക്കളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നു എന്നതാണ്. കേരളത്തിന്‌ വെളിയില്‍ പല സംസ്ഥാനങ്ങള്‍ താണ്ടിയും ഇന്ത്യക്ക് വെളിയില്‍ പല രാജ്യങ്ങള്‍ താണ്ടിയും കുഞ്ഞുകുട്ടി പരാധീനങ്ങളെയും കൊണ്ട് പങ്കപ്പാടുകള്‍ ഏറെ സഹിച്ചു സാമ്പത്തികമായി വിജയം കൊയ്ത ഒരു തലമുറയ്ക്കാണ് ഈ ദുര്‍വിധി എന്നോര്‍ക്കണം.

അവള്‍ അഞ്ചു ഡ്യൂട്ടി ചെയ്തു, അവന്‍ നാല് ഡ്യൂട്ടി ചെയ്തു; എഴുപതു വയസ്സുള്ള ഇംഗ്ലീഷുകാരി ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി ചെയ്യുന്നു... ഇങ്ങനെ പോകുന്നു ഓരോരുത്തര്‍ക്കും ഡ്യൂട്ടി കൂടുതല്‍ ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള പ്രചോദനങ്ങള്‍ .

ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചും നൈമിഷികതയെക്കുറിച്ചും ഉള്ള ആത്മീയ കാഴച്ചപ്പാടുകളുടെ അഭാവമാണ് പലപ്പോഴും ഇത്തരം വിഡ്ഢി ജീവിതങ്ങള്‍ക്ക്‌ വളമേകുന്നത് . ഇവിടെ അമ്പരപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ഇവരെല്ലാവരും തന്നെ വളരെ റിലീജിയസ് ആണെന്നതാണ്!

മുറ തെറ്റാതെയുള്ള പള്ളിയില്‍ പോക്ക്, ആധ്യാത്മിക ധ്യാനങ്ങളിലെ പങ്കാളിത്തം, എന്ന് വേണ്ട ആചാരാനുഷ്ടാനങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നവര്‍ ... എന്തുകൊണ്ടാണ് ഇവര്‍ക്ക്‌ യഥാര്‍ഥത്തിലുള്ള ആത്മീയ ജ്ഞാനം ലഭിക്കാതെ പോകുന്നത്? വിളഞ്ഞു കിടക്കുന്ന വയലില്‍ വേലയ്ക്കെത്തുന്ന കൊയ്ത്തുകാര്‍ ഒരു പരിധി വരെ ഇതിനു കാരണക്കാരാണ്.

ഒരുവന്‍ ചത്തൊടുങ്ങുമ്പോള്‍ മാത്രം "വയലില്‍ പൂക്കും പുല്‍ക്കൊടി പോലെ ..." എന്ന് പാടിയിട്ട് കാര്യമില്ല; മാനുഷിക ജീവിതത്തിനു ഉതകുന്ന വിധത്തില്‍ ദൈവ വചനം വിശകലനം ചെയ്ത് അനുവര്‍ത്തിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തുവാന്‍ വേണ്ട ഒത്താശ ചെയ്യുക എന്നതാണ് ധ്യാന ഗുരുക്കളില്‍ നിന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

ആത്മീയതയുടെ വക്താക്കള്‍ എല്ലാവരും തന്നെ ഒന്നുമില്ലാത്തവരായിരുന്നു. ഭൗതികമായി തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം; ഭാര്യയെ ഉള്‍പ്പെടെ, പോലും ഉപേക്ഷിച്ചവരാണ് ബുദ്ധനും ശ്രീ നാരായണ ഗുരുവും. ക്രിസ്തു ആകട്ടെ നിനക്കുള്ളതെല്ലാം വിറ്റിട്ട് വന്ന് എന്നെ അനുഗമിക്കാനാണ് ഒരുവനോട് ആവശ്യപ്പെട്ടത്‌.. ..

ഇനി ഇതൊന്നുമല്ലെങ്കിലും നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാര്യം ഒന്ന് പരിഗണിച്ചു നോക്കൂ. ഒരു കാലത്ത് ആരായിരുന്നവര്‍ ... സമൂഹത്തില്‍ എന്തായിരുന്നവര്‍ ... ഇന്നോ? നമ്മുടെ കണ്മുന്‍പില്‍ കാണുന്ന വസ്തുതകള്‍ നമുക്ക്‌ ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ നാമാരെയാണ് പഴിക്കേണ്ടത്?

യേശുവിനെ വിട്ട് യേശുവിന്റെ പ്രതിപുരുഷന്മാര്‍ പറയുന്നതു മാത്രം പ്രമാണിക്കുക എന്നത് ശ്രീ നാരായണ ഗുരുവിനെക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ.

2012 ജൂലൈ 25, ബുധനാഴ്‌ച

അഭയകേസും ആസ്വാദകരും

അഭയ കേസ്‌ വാര്‍ത്തകള്‍ വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേസ്‌ നടന്ന കാലത്ത് തന്നെ പ്രചരിപ്പിക്കപ്പെട്ട ഊഹാപോഹങ്ങളും സംശയങ്ങളും അല്ലാതെ പുതുതായൊന്നും ഇപ്പോഴത്തെ കോളിളക്കങ്ങളിലും കാണാനില്ല.

കേരളത്തില്‍ മാധ്യമപ്പട പെരുകുകയും വായനക്കാരും ശ്രോതാക്കളും വിവാദ വിഷയങ്ങളില്‍ കൂടുതല്‍ ആകൃഷ്ടരാകുകയും ചെയ്തതോടെ മാധ്യമങ്ങള്‍ നേരും നെറിയും നോക്കാതെ വിവാദ വിഷയങ്ങള്‍ കുത്തിനിറക്കുന്നതില്‍ ദിനം തോറും മത്സരിക്കുകയാണ്.

അച്ചുതാനന്ദന്‍-//; പിണറായി, പി.സി.ജോര്‍ജ്ജ്; ഗണേഷ്‌ കുമാര്‍ , തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ചെരിതിരിവുകള്‍ ദിവസം നാലു നേരം ശ്രോതാക്കള്‍ക്ക് വച്ച് വിളമ്പിയ മാധ്യമങ്ങള്‍ ടി.പി.ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ പുതിയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും കണ്ടെത്തിയതും ആഘോഷിച്ചതും അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടതിനു ശേഷം മാത്രമാണ്!

സി.പി.എം എന്ന പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയെ മൊത്തത്തില്‍ ഗ്രസിച്ച അപചയങ്ങളോട് ഏറ്റുമുട്ടാന്‍ ഒരു ഇടതുപക്ഷ വിപ്ലവകാരിയുടെ വീറും വാശിയും കൈമുതലാക്കി അഹോരാത്രം പണിയെടുത്ത ആ ധൈര്യശാലിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ആഴത്തിലുള്ള ചര്‍ച്ചയും പഠനവും നടത്താന്‍ കേരളത്തില്‍ നേരും നെറിയും ഒപ്പം ധൈര്യവും ഉള്ള മാധ്യമങ്ങള്‍ ഉണ്ടായില്ല എന്നതാണ് ശരി.

അഭയകേസ് വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത് മാര്‍ കുന്നശേരിയും കന്യാസ്ത്രീകളും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്നും കേസ്‌ ഒതുക്കുന്നതില്‍ അദ്ദേഹം രാഷ്ട്രീയ നേതാവിനെ ഉപയോഗിച്ചെന്നതുമാണ്.

കേസ്‌ നടന്ന കാലം മുതല്‍ നില നില്‍ക്കുന്ന ഇത്തരം ഊഹാപോഹങ്ങള്‍ വാര്‍ത്താ ദാരിദ്ര്യം നേരിടുന്ന ദിവസങ്ങളില്‍ എടുത്തു പൊട്ടിച്ചാല്‍ രണ്ടുമൂന്നു ദിവസം വായനക്കാര്‍ അതിന്റെ പിറകേ പൊയ്ക്കൊള്ളും!

അഭയകേസിന്റെ പിറകേ പോകുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് പയസ്‌ ടെന്‍ത് ഒരു കോണ്‍ വെന്റ് മാത്രമല്ലെന്നും അവിടെ ഒരു ലേഡീസ്‌ ഹോസ്റല്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണക്കിലെടുക്കാത്തത്?

കേസ്‌ നടന്ന കാലത്ത്‌ ഹോസ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഒരുപക്ഷെ ഹോസ്ടലിനെ കുറിച്ചും അവിടെ നടക്കാനിടയുള്ള അനാശാസ്യങ്ങളെക്കുറിച്ചും എന്തെങ്കിലും പറയാന്‍ കാണില്ലേ? അതല്ലേ യഥാര്‍ത്ഥത്തില്‍ ഇന്‍വെസ്ടിഗേറ്റീവ് ജേര്‍ണലിസം?

ഒരു സാധു കന്യാസ്ത്രീ മരണപ്പെട്ട കേസ്‌ അച്ചന്മാരും കന്യാസ്ത്രീകളും മെത്രാനും തമ്മിലുള്ള ലൈംഗിക വേഴ്ച്ചകളില്‍ ആണ് എത്തിച്ചേരുന്നത് എന്നത് വിരോധാഭാസമാണ്. അതിന്റെ പേരില്‍ കുറ്റാരോപിതരായവര്‍ മാനസികമായി ശിക്ഷ അനുഭവിച്ചും കഴിഞ്ഞു.

വൃദ്ധ സദനത്തില്‍ അന്ത്യം കാത്തു കഴിയുന്ന പുരോഹിത ശ്രേഷ്ടനെ ഇനിയും ഇതിന്റെ പേരില്‍ ഇതില്‍ കൂടുതല്‍ എന്ത് ശിക്ഷിക്കാന്‍?

2012 ജൂലൈ 12, വ്യാഴാഴ്‌ച

"സ്പിരിറ്റി"ന്റെ ക്നാനായ വശം

ക്നാനായ സമുദായത്തെക്കുറിച്ചു പറയുമ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യപാനം. വീട്ടിലോ ഹോട്ടലിലോ സല്‍ക്കാരങ്ങളില്‍ ഭക്ഷണത്തോടൊപ്പം മദ്യത്തിനു നല്‍കുന്ന തുറന്ന സ്വീകാര്യതയും പ്രാധാന്യവും മറ്റ് സമുദായങ്ങള്‍ക്കും ജാതിമതസ്തര്‍ക്കും ആശ്ചര്യവും അചിന്ത്യവുമായിരുന്നു. ഇന്നിപ്പോള്‍ അന്യ ജാതി മതസ്തരും സമുദായങ്ങളും ക്നാനായ രീതിയുടെ ചുവടു പിടിച്ച് വവാഹ തലേന്ന് മദ്യം വിളമ്പുന്ന പതിവ് കോട്ടയം ജില്ലയില്‍ പലയിടങ്ങളിലും സര്‍വ്വ സാധാരണമാണ്.

മദ്യപാനത്തിന്റെ ആരോഗ്യപരമായ ഉപഭോഗം അല്ല ഇന്നിപ്പോള്‍ കേരളത്തില്‍ ഒരിടത്തുമുള്ളത്. മദ്യപാനത്തിന് ഇങ്ങനെയൊരു ആരോഗ്യപരമായ വശമുണ്ടോ? ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ദിവസം മൂന്നു മുതല്‍ നാല് യൂണിറ്റ് മദ്യം ആണുങ്ങള്‍ക്കും രണ്ടു മുതല്‍ മൂന്നു യൂണിറ്റ് മദ്യം പെണ്ണുങ്ങള്‍ക്കും അകാം എന്നാണ്. ഒരു യൂണിറ്റ് സമം ഇരുപത്തിയഞ്ച് മില്ലി. (ആണുങ്ങള്‍ക്ക് ദിവസം നൂറു മില്ലിയും പെണ്ണുങ്ങള്‍ക്ക് എഴുപത്തിയഞ്ച് വരെയും)

വളരെയേറെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം എടുത്ത തീരുമാനം എന്ന നിലയില്‍ ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ദ്ദേശം മനുഷ്യ ശരീരത്തിന് പ്രത്യേകിച്ച് ദോഷമാകേണ്ട കാര്യമില്ല. പുകവലി ആരോഗ്യത്തിനു ഹാനികരം; അതൊഴിവാക്കണമെന്നുമാണ് ഇതേ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

ഏതു സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട ഷോപ്പുകളിലും യഥേഷ്ടം മദ്യം ലഭ്യമാക്കുകയും മദ്യത്തിന്റെ ഉപഭോദം സംബന്ധിച്ച് യാതൊരു നിയന്ത്രണവും (മദ്യപിച്ചു വാഹനം ഓടിക്കുക തുടങ്ങിയവ ഒഴികെ)ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ മദ്യം കഴിക്കുന്നവരില്‍ നല്ലൊരു ശതമാനം അതിനടിമകളാകാതെ ഒരു ശീലമായി അത് തുടരുന്നവരാണ്.

കേരളത്തില്‍ നേരെ തിരിച്ചും! ഒരുവന്‍ കുടിച്ചു തുടങ്ങിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ മുഴുക്കുടിയനായിക്കൊള്ളണമെന്ന് നിയമമുള്ളത് പോലെ...

ക്നാനായ സമുദായവും ഇതിനൊരു അപവാദമാകുന്നില്ല. മദ്യം ഈ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമൊന്നുമല്ല. ആയുര്‍വേദത്തില്‍ ചരക മഹര്‍ഷി ആയിരത്തിലധികം മദ്യത്തെപറ്റി പ്രതിപാദിച്ചിട്ടുണ്ടത്രേ!

കേരളത്തില്‍ ഇന്ന് കാണുന്ന മദ്യപാന ആസക്തിക്ക് ക്നാനായ സമുദായം നല്‍കിയ സംഭാവന എന്താണ്? വിവാഹം പോലുള്ള ആഘോഷവേളകളില്‍ വിവാഹ തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന ചന്തം ചാര്‍ത്ത്, മൈലാഞ്ചി ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ജാതി-മത വ്യത്യാസമില്ലാതെ ഭക്ഷണത്തോടൊപ്പം മദ്യവും നല്‍കിയെന്നത് ഒരു പക്ഷെ കേരളത്തില്‍ ക്നാനായക്കാര്‍ മാത്രമായി തുടങ്ങി വച്ച സമ്പ്രദായമാണ്.

വിവാഹ വേളകളില്‍ ശക്തിപ്രകടനമെന്ന രീതിയില്‍ വിവിധ ബ്രാന്റുകളുടെ കമനീയ കലവറകള്‍ ഒരുക്കിയതിലൂടെ നമ്മുടെ അല്പത്തം വിളിച്ചറിയിക്കുകയായിരുന്നു. വിവാഹ തലേന്ന് രാത്രി അതിഥികള്‍ക്ക് ഒന്നോ രണ്ടോ പെഗ്ഗ് കൊടുക്കുന്നത് തെറ്റല്ല; എന്നാല്‍ പകല്‍ സമയത്ത് നടക്കാറുള്ള ഒത്തു കല്യാണം, മാമോദീസ, ആദ്യകുര്‍ബാന, വീട് വെഞ്ചരിപ്പ് എന്ന് വേണ്ട, സകല പരിപാടികളിലും ഭക്ഷണത്തെക്കാളേറെ പ്രാധാന്യം മദ്യത്തിന് നാം നല്‍കി.

കേരളത്തില്‍ ആരോഗ്യപരമായ മദ്യപാനത്തെ ആരും പ്രോല്‍സാഹിപ്പിച്ചു കാണുന്നില്ല. മറിച്ച്, ഇത് വലിയ രോഗവും പാപവും എന്ന മട്ടില്‍ മദ്യ വിരുദ്ധരുടെ അപകടപ്പെടുത്തുന്ന ബോധവല്‍ക്കരണം ഫലത്തില്‍ ദോഷകരമായി ഭവിക്കുന്നു.

മറ്റൊന്ന് കഴിക്കുന്നതിന്റെ അളവാണ്. ശരാശരി മലയാളിയുടെ ഒരു ഡ്രിങ്ക് അറുപതു മുതല്‍ തൊണ്ണൂറു മില്ലി വരെയാണ്. അങ്ങനെ മൂന്നെണ്ണം അല്ലെങ്കില്‍ നാല്. അതിനുമപ്പുറത്തായിരിക്കുന്നു ഇന്നത്തെ മദ്യപാനം. അതായത്‌, രാവിലെ ഒരു പെഗ്ഗില്‍ തുടങ്ങുന്നു അന്നത്തെ ദിവസം. രാത്രി കിടക്കുന്നത് വരെ എത്ര പെഗ്ഗ്? എത്ര മില്ലി? വല്ല കണക്കും ഉണ്ടോ? അവര്‍ രോഗികള്‍ ആയില്ലെങ്കിലല്ലേ അദ്ഭുതം?

ചെറിയ അളവില്‍ തുടങ്ങി തുടര്‍ച്ചയായ മദ്യപാനത്തിലൂടെ ഇങ്ങനെ ആയിത്തീരുകയല്ലാതെ ഒരു മദ്യപാനിക്ക്‌ വേറെ വഴിയില്ല എന്ന തെറ്റിദ്ധാരണയെ തങ്ങളുടെ അജ്ഞതകൊണ്ട് ശരി വയ്ക്കുകയാണ് കേരളത്തിലെ പല മദ്യപാനികളും ഇന്ന്. തൊഴിലാളികളും ഉദ്യോഗസ്ഥരും ബിസിനസ്സുകാരും എന്ന് വേണ്ട സമൂഹത്തിന്റെ നനാതുറകളിലുമുള്ളവരില്‍ പലരും രാവിലെ തന്നെ മദ്യപിച്ചു തുടങ്ങുന്നു. അതിരാവിലെ തന്നെ ബാറുകളും കള്ളു ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുകയും ഉപഭോക്താക്കള്‍ കൃത്യമായി വരികയും ചെയ്യുന്ന ഏക സ്ഥലവും ഒരു പക്ഷേ കേരളം ആയിരിക്കും!

ഇത് ഓരോ വ്യക്തിയുടെയും അഭിരുചിയുടെ പ്രശ്നം കൂടിയാണ്. കയ്യില്‍ ഇഷ്ടം പോലെ കാശും കിട്ടാന്‍ ആവശ്യത്തിലേറെ മദ്യ ഷാപ്പുകളും ബാറും! അമിതമായാല്‍ താന്‍ രോഗിയും മരണാസന്നനുമാകും എന്ന തിരിച്ചറിവില്ലായ്മയാണ് അയാളെ മുഴുക്കുടിയിലേയ്ക്ക് നയിക്കുന്നത്. ഇതാണ് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ സജീവമായി പരിഗണിക്കേണ്ട മേഖല. ഒരു മദ്യപാനിയോട് മദ്യം ഒഴിവാക്കൂ എന്നല്ല; മദ്യപാനത്തിന്റെ അളവ് കുറയ്ക്കൂ അല്ലെങ്കില്‍ സന്ധ്യ വരെ കാത്തിരിക്കൂ എന്ന് സ്നേഹബുദ്ധ്യാ ഗുണദോഷം നല്‍കാന്‍ കേരളത്തില്‍ ഇന്ന് ഉപദേശികള്‍ തീരെയില്ല തെന്നെ.

അതിരു വിട്ട മദ്യപാനാസക്തിയിലേയ്ക്ക് ദിനം പ്രതി ആളുകള്‍ കൂടി വരുന്നു. അതോടൊപ്പം കുറേപ്പേരെങ്കിലും മദ്യപാനാസക്തിയില്‍ നിന്നു മോചിതരായി മദ്യം പാടെ ഉപേക്ഷിച്ചു കുടുംബ ജീവിതം നയിക്കുന്നു എന്നും പറയപ്പെടുന്നു. മദ്യപന്മാരോടുള്ള ഇക്കൂട്ടരുടെ മനോഭാവം തികച്ചും വൈരാഗ്യ ബുദ്ധിയോടു കൂടിയതാണെന്നതാണ് വിരോധാഭാസം. തങ്ങളും ഇവരെപ്പോലെ ഒരിക്കല്‍ മദ്യപാനികളും മദ്യത്തിനടിമകളും ആയിരുന്നു എന്ന ധാരണയില്‍ നിന്ന് മാറി ക്രിമിനലുകളെയും പിശാചിനെയും എന്നപോലെ മദ്യപാനികളെ പരിഗണിക്കുന്നത് ദയനീയമാണ്.

ഫലത്തില്‍ മദ്യത്തിനെതിരായ എല്ലാ ശബ്ദകൊലഹലങ്ങളും പ്രത്യേകിച്ച് പ്രയോജനം ആര്‍ക്കും നല്‍കാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു.

പണ്ട് കാരണവന്മാര്‍ വൈകുന്നത് വരെ പാടത്തും പറമ്പിലും പണിത്‌ ഷാപ്പില്‍ നിന്ന് നാലഞ്ചു ഗ്ലാസ്‌ കള്ളു അല്ലെങ്കില്‍ നൂറു മില്ലി ചാരായം കുടിച്ചു വീട്ടില്‍ പോയിരുന്നു. ആരോഗ്യ വാകുപ്പിന്റെ ഇന്നത്തെ കണക്കൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അന്നത്തെ സാമ്പത്തിക ഞെരുക്കവും മറ്റ് പ്രാരാബ്ദങ്ങളും അവരെ അതിനു നിര്‍ബന്ധിതരാക്കി. അതൊക്കെ കണ്ടു വളര്‍ന്ന ഇന്നത്തെ കാരണവന്മാര്‍ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് ഒരു കുപ്പി കള്ളില്‍ തുടങ്ങും. ഉച്ചയ്ക്ക് കല്ല്യാണം, മാമോദീസ, ആദ്യകുര്‍ബാന, വീട് വെഞ്ചരിപ്പ് , ഒത്തുകല്ല്യാണം... വൈകിട്ട്, മൈലാഞ്ചി, ചന്തം ചാര്‍ത്ത് ...

സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കിയും അല്ലാതെയും രാവിലെ മുതല്‍ പലയിടത്ത്‌ നിന്നായി സ്മോളും ലാര്‍ജ്ജും അടിച്ചടിച്ച് ഭക്ഷണത്തോട് വിരക്തിയും വെറുപ്പും ലഹരിയോടു അടങ്ങാത്ത അഭിനിവേശവുമായി അഴിഞ്ഞ മുണ്ട് മാടിക്കുത്താന്‍ വേച്ചു വേച്ചു ശ്രമിക്കുന്ന മലയാളിയുടെ അടുത്ത തലമുറയെ എങ്കിലും ഓസിനു മദ്യം നല്‍കി മദ്യപാന രോഗികളാക്കാതിരിക്കാന്‍ നമുക്ക്‌ ശ്രമിക്കാം.

ചാരായ നിരോധനവും മദ്യത്തിന്റെ വില വര്‍ധനവും ഇതിനൊരു പോംവഴിയല്ലെന്നു കേരളം തെളിയിച്ചു കഴിഞ്ഞു. ഏതു കുടിയനെയും ലജ്ജിപ്പിക്കും വിധം കേരളത്തില്‍ മദ്യപന്മാരുടെ സംസ്കാരം പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്.



2012 ജൂലൈ 4, ബുധനാഴ്‌ച

കണ്‍വന്‍ഷന്‍ കൊടിയിറങ്ങുമ്പോള്‍

പത്തു വര്‍ഷം പിന്നിടുമ്പോള്‍ യു.കെ.കെ.സി.എ.യുടെ ആഭിമുഖ്യത്തില്‍ നടക്കാറുള്ള കണ്‍വന്‍ഷനുകള്‍ ഒരു വിലയിരുത്തലിനു വിധേയമാക്കേണ്ടതുണ്ട്. എടുത്തു പറയേണ്ട ഒരു വസ്തുത ഇതിലെ ജനപങ്കാളിത്തം തന്നെയാണ്. സാധാരണക്കാരായ ക്നാനായ സഹോദരങ്ങള്‍ യു.കെ.യുടെ പല ഭാഗങ്ങളില്‍ നിന്നും അവധിയെടുത്തും സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് മുടക്കിയും കൈക്കുഞ്ഞുങ്ങങ്ങളുമായി പങ്കെടുക്കുന്നതിന് തയ്യാറാകുന്നു എന്നുള്ളത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

ഓരോ വര്‍ഷവും ഭാരവാഹിത്വം വഹിക്കുന്നവര്‍ തങ്ങളാല്‍ കഴിയുംവിധം കണ്‍വന്‍ഷന്‍ ഭംഗിയാക്കുന്നതില്‍ പരമാവധി പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യാറുണ്ട്. ഈ വര്‍ഷത്തെ ഭരണ സമിതിയും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ദിവ്യബലിയില്‍ നാല് പുരുഷന്മാരും ആറു സ്ത്രീകളും ഉള്‍പ്പെടുന്ന കൊയര്‍ ഗ്രൂപ്പിന് രൂപം നല്‍കുക വഴി ആരാധനയ്ക്ക് നവ ചൈതന്യം നല്‍കാന്‍ കഴിഞ്ഞു. കരാക്കെ ഒഴിവാക്കി സംഗീതോപകരണങ്ങള്‍ ലൈവ് ആയി ഉപയോഗിച്ച് ഒരു ക്വയര്‍ സാധ്യമല്ലാത്ത ഇക്കാലത്ത്‌ ഇതുപോലുള്ള കഴിവുള്ളവരെ കൂടുതല്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ഭാവിയില്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും ആരാധനയുടെ ചൈതന്യം കൂട്ടുകയെ ഉള്ളൂ.

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളില്‍ വനിതാ പ്രതിനിധിയെ ഉള്‍ക്കൊള്ളിച്ചതും നന്നായി. ഇതിനു മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും അംഗീകരിക്കേണ്ടത് തന്നെ. വെല്‍ക്കം ഡാന്‍സും അതില്‍ പങ്കെടുത്ത കുട്ടികളും അവരെ കഴിയും വിധം നല്ല പ്രകടനം കാഴ്ച വച്ചു. ഗാനത്തിന്റെ രചന സമുദായാംഗം തന്നെ നിര്‍വഹിച്ചതും മറ്റൊരു പ്രശസ്ത സമുദായാംഗം ഗാനം ആലപിച്ചതും സമുദായാംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
ചെറിയ തെറ്റ് കുറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും തികഞ്ഞ പ്രൊഫഷണലുകളെ ഒഴിവാക്കി സമുദായാംഗങ്ങളെ തന്നെ പങ്കെടുപ്പിക്കുന്നതാണ് ഈ വക കാര്യങ്ങളില്‍ ശ്ലാഘനീയം.

യൂണിറ്റ് തലത്തില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ച് കലാവിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ കുട്ടികളുടെ കലാ പ്രകടനങ്ങള്‍ എന്ന ആശയത്തിലേക്ക് നാമിനിയും അധികദൂരം പോകേണ്ടിയിരിക്കുന്നു. അതിനു വേണ്ട ശ്രമങ്ങള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം. അല്ലാത്ത പക്ഷം വെല്‍ക്കം ഡാന്‍സില്‍ മാത്രമായി നമ്മുടെ കുരുന്നുകളെ തളച്ചിടേണ്ടി വരും. മാത്രവുമല്ല; അതില്‍ പങ്കെടുക്കാന്‍ കഴിയാതെ മാറി നില്‍ക്കുന്ന മറ്റനേകം കുഞ്ഞുങ്ങള്‍ക്ക്‌ നാം അവസരം നിഷേധിക്കുക കൂടിയാണ് ചെയ്യുന്നത്.

റാലി എന്ന പേരില്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളുടെ നിലവാരം ഒട്ടും തന്നെ ഉയര്‍ന്നു കാണുന്നില്ല. റാലി എന്നത് വെറും പ്രകടനമല്ല; മറിച്ച് , സാംസ്കാരിക ഘോഷയാത്രയായി മാറേണ്ട ഒന്നാണ്. സാരിയുടെയും ഉടുപ്പിന്റെയും നിറത്തില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. മുത്തുക്കുടയും പ്രച്ഛന്ന വേഷവും താലപ്പൊലിയും ചെണ്ടമേളവും മാത്രമല്ല അത്. ചരിത്രത്തിന്റെ അടിതട്ടുകളില്‍ ഉറങ്ങുന്ന ഒരു സമുദായത്തെ സംബന്ധിക്കുന്ന ഗതകാല സ്മരണകളുടെ പുനര്‍ജ്ജനിയും പുനപ്രതിഷ്ടയുമായിരിക്കണം അത്.

ക്നായി തൊമ്മന്റെ വൃത്തികെട്ട പ്രച്ഛന്ന വേഷം കാലത്തിനനുസരിച് പരിഷ്കരിക്കേണ്ടത് ആവശ്യമാണ്‌. ആരാണ് ക്നായി തൊമ്മനെ കണ്ടിട്ടുള്ളത്? എന്തുറപ്പിലാണ് ഇങ്ങനെയൊരു വേഷം കെട്ടിക്കുന്നത്? കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രോഫഷണല്‍സിനെ കണ്ടെത്തി എ.ഡി. മുന്നൂറ്റി നാല്പത്തിയഞ്ച് കാലഘട്ടത്തിലെ പേര്‍ഷ്യന്‍ വ്യാപാരിയുടെ വേഷവിധാനങ്ങളും രൂപവും സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കട്ടെ ആദ്യം; എന്നിട്ടാകാം അനുകരണം. ഇനി സഭാ സംവിധാനങ്ങളില്‍ കാണുന്ന ചിത്രമാണ് പരിഗണിക്കുന്നതെങ്കില്‍ അതിനോട് പരമാവധി നീതി പുലര്‍ത്തട്ടെ. പല ക്നായിതോമ്മന്മാരുടെയും താടി മീശ അരോചകം എന്ന് പറയാതെ തരമില്ല.

എ.ഡി. മുന്നൂറ്റി നാല്പത്തിയഞ്ച് മുതല്‍ ആയിരത്തി തൊള്ളായിരത്തി പതിനൊന്നു വരെ ആയിരത്തി അഞ്ഞൂറിലധികം വര്‍ഷക്കാലം ആരുടേയും പിന്തുണയില്ലാതെ സ്വന്തം വംശശുദ്ധി പിന്തുടര്‍ന്ന ഒരു സമൂഹമാണിത്‌. അന്നത്തെ കേരള ജീവിതവും സംസ്കാരവും ഇന്ന് കാണുന്നതിനേക്കാള്‍ എത്രയോ വിഭിന്നമായിരുന്നു? കീഴുജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന, ദാരിദ്ര്യം സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന ഒരു കാലഘട്ടം... ജന്മി കുടിയാന്‍ ബന്ധങ്ങള്‍ , കൊയ്യുന്നവന് നെല്ല് കൂലി. തേങ്ങയിടുന്നവന് തേങ്ങ. മാങ്ങ പറിക്കുന്നവന് മാങ്ങ...

ഇത്തരം സാംസ്കാരിക വിഷയങ്ങളില്‍ വിവിധങ്ങളായ ടാബ്ലോകള്‍ രംഗത്തിറക്കി കൊണ്ട് യൂണിറ്റുകള്‍ മത്സരിക്കട്ടെ. ടാബ്ലോ പ്രദര്‍ശനത്തിന് വേണ്ടുന്ന ഗതാഗത സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കട്ടെ. കലാരംഗത്തും മേക്കപ്പ്‌ രംഗത്തും പ്രവര്‍ത്തിക്കുന്ന മിടുക്കരായ അന്യ സമുദായാംഗങ്ങളെയും ജാതി മതസ്ഥരേയും ഇതിനായി
ആശ്രയിക്കുന്നതില്‍ എന്താണ് കുഴപ്പം? ഒപ്പം നമ്മുടെ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ ഈ രംഗങ്ങളില്‍ കൂടുതല്‍ താല്പര്യം തോന്നാനിടയാകുമെങ്കില്‍ അത് നല്ലതല്ലേ?

ഇപ്പറഞ്ഞതിന്റെ പേരില്‍ അടുത്ത വര്‍ഷം സ്ത്രീകള്‍ നഗ്നതാ പ്രദര്‍ശനത്തിനൊന്നും തുനിഞ്ഞേക്കരുത്! നമ്മുടെ സ്ത്രീകള്‍ക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല; കാരണം ഒന്നാമത്‌ നമ്മള്‍ കീഴ്‌ജാതിക്കാരായി പരിഗണിക്കപ്പെട്ടിരുന്നില്ല, രണ്ട്; നമുക്ക്‌ കിട്ടിയെന്നു പറയപ്പെടുന്ന എഴുപത്തിരണ്ട് പദവികള്‍ .

2012 ജൂൺ 6, ബുധനാഴ്‌ച

ക്നാനായ സമുദായവും യാഥാസ്ഥിതികത്വവും

കോട്ടയം രൂപതയുടെ അധികാര പരിധി ലോകം മുഴുവന്‍ വരുന്ന ക്നാനായക്കാര്‍ക്ക് വേണ്ടി വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ക്നാനായ കത്തോലിക്കാ സംഘടനകള്‍ ഒപ്പ് ശേഖരണം നടത്തി വരികയാണ്. ലോകത്താകമാനമുള്ള ക്നാനായ കത്തോലിക്കര്‍ എല്ലാവരും ഒപ്പിട്ടു നിവേദനം നല്‍കിയാല്‍ പരി. റോമാ സിംഹാസനം കോട്ടയം രൂപതയുടെ അധികാര പരിധി ലോകവ്യാപകമാക്കും എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് സംഘടനകളുടെ ഈ നീക്കം.

ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സമുദായത്തിലുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഷയം സംബന്ധിച്ച് അല്മെനികളും പട്ടക്കാരും തമ്മില്‍ ഘടക വിരുദ്ധമായ ആശയ സംഘട്ടനത്തിലാണ്. കത്തോലിക്കാ സഭയെന്നാല്‍ ലോകത്തെ ഒന്നാംകിട സ്ഥാപനമാണ്. നൂറ്റാണ്ടുകളായി അതിനെ നില നിര്‍ത്തുന്ന അധികാര ശ്രേണിയാണ് അതിന്റെ ആകര്‍ഷണീയത. ഇടവക വികാരി മുതല്‍ മെത്രാന്‍, മെത്രാപോലീത്ത, കര്‍ദ്ദിനാള്‍ വരെ ലോകത്താകമാനം സഭയുടെ അധികാരം പങ്കിടുന്നവര്‍ എത്രയോ പേര്‍ . ഇവര്‍ക്കെല്ലാം മുകളില്‍ സാക്ഷാല്‍ പോപ്പ്‌.

ചോദ്യം ചെയ്യപ്പെടാനാവാത്തതും വിമര്‍ശനാതീതവുമാണ് ഈ അധികാരങ്ങള്‍ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത് പൂര്‍ണ്ണമായും ജനാധിപത്യപരമല്ല താനും. ഈ സ്ഥാപനത്തില്‍ പയറ്റി തെളിഞ്ഞ കത്തനാന്മാരും മെത്രാന്മാരും ഇത്തരം ഒപ്പ് ശേഖരണം കൊണ്ട് കാര്യമില്ലെന്ന് പറയുന്നെങ്കില്‍ അതില്‍ കാര്യമില്ലാതെ വരില്ല. എന്നാല്‍ ഒപ്പ് ശേഖരണവുമായി മുമ്പോട്ട് പോകുന്ന സംഘടനാ സാരഥികള്‍ തികഞ്ഞ ജനാധിപത്യ വിശ്വാസികളും! അവര്‍ കത്തോലിക്കാ സഭയെയും സഭാ സംവിധാനങ്ങളെയും നോക്കി കാണുന്നത് കേരളാ നിയമ സഭ പോലെയോ അല്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പോലെയോ ആണ്.

സമുദായത്തിന്റെ ഭാവി എന്ന് പറയുന്നത് വൈദികരെ അപേക്ഷിച്ച് സംഘടനാ സാരഥികളിലും മറ്റ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും നിക്ഷിപ്തമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം സാധാരണക്കാരായ ക്നാനായക്കാര്‍ പിന്തുടരുന്ന പാരമ്പര്യവും സ്വവംശവിവാഹവും സാമുദായിക യാഥാസ്ഥിതികത്വമായി ചിത്രീകരിക്കുകയും അതിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ അന്യ സമുദായാംഗങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു എന്നതാണ്.

ക്നാനായ സമുദായ ചരിത്രം സംബന്ധിച്ച് ഒരു പ്രമുഖ വാരികയില്‍ വന്ന ലേഖനവും അതിന് ആ പ്രസിദ്ധീകരണം തന്നെ നല്‍കിയ മറുപടിയും ചര്‍ച്ച ചെയ്തു കൊണ്ട് ഒരു ബ്ലോഗില്‍ പ്രത്യക്ഷപെട്ട കമന്റുകള്‍ ക്നാനായക്കാരനെ കേരളത്തിലെ അധകൃതനോട് ഉപമിക്കുന്ന തരത്തില്‍ നീചവും തരം താണതുമായി. കമന്റുകള്‍ എഴുതിയ പലരുടെയും രക്തം തിളച്ചതിനു കാരണം ക്നാനായക്കാരന്റെ യഹൂദ പാരമ്പര്യവും!

ഇതിനെ നമ്മള്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? അല്മെനിക്കൂട്ടങ്ങളില്‍ ഉള്ളതുപോലെ തന്നെ അന്യസമുദായങ്ങളിലെ സന്യസ്തരിലും ഇടയ ശ്രേഷ്ടന്മാരിലും ഒക്കെ ഈയൊരു നീരസം കാണില്ലെന്നാരു കണ്ടു? ഈയവസ്ഥയിലാണ് സ്വന്തം സമുദായാംഗങ്ങളില്‍ ചിലര്‍ ചേരി തിരിഞ്ഞ് പുരോഗമന വാദം പുലമ്പുന്നത്. യേശുക്രിസ്തുവും ബൈബിളും ദൈവ സ്നേഹവും ഒക്കെ കൂട്ട് പിടിച്ച് സമുദായത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നവര്‍ കത്തോലിക്കാ സഭയുടെ കീഴില്‍ എന്ടോഗമസോ അല്ലാതെയോ ആയിട്ടുള്ള കാക്കതൊള്ളായിരം സഭകളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് തികച്ചും വ്യക്തിപരമായ ആക്രമണമാണ്. ഇതിനെയാണ് സമുദായമെന്ന രീതിയില്‍ നാം നേരിടേണ്ടത്.



2012 ഏപ്രിൽ 24, ചൊവ്വാഴ്ച

ക്നാനായക്കാര്‍ അഭ്യൂഹങ്ങളുടെ ആരാധകരോ?

ചില സമുദായ തീവ്രവാദികളും സമുദായത്തോടോ സഭയോടോ വൈദികരോടോ അത്രയൊന്നും ആഭിമുഖ്യമില്ലാത്ത മറ്റു ചില സമുദായാംഗങ്ങളും കൈകോര്‍ത്ത്‌ ക്നാനായ സമുദായം ഇതാ നശിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള അഭ്യൂഹം പരത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ വിഷയം സംബന്ധിച്ച് ലോകത്താകമാനമുള്ള ക്നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ നിലപാട് എന്തായിരിക്കും?

കേരളത്തിലും അമേരിക്കയിലും മാത്രമാണോ ക്നാനായക്കാര്‍ ഉള്ളത്? ലോകത്ത്‌ വിവിധ രാജ്യങ്ങളിലായി കഴിയുന്ന ഈ ന്യൂനപക്ഷ സമൂഹം അതിന്റെ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. സ്വവംശ വിവാഹനിഷ്ഠയില്‍ വിശ്വസിക്കുകയും അഭംഗുരം പിന്തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് ഇതിനുള്ള തെളിവ്‌. സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്യേജ് ബ്യൂറോയും മുഖപത്രവും സമുദായാംഗങ്ങള്‍ക്ക്‌ ജീവിത പങ്കാളികളെ കണ്ടെത്തുന്നതില്‍ ഇന്ന് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

ലോകത്തെവിടെയുമുള്ള ക്നാനായ യുവാവിനും യുവതിക്കും വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സഹായകമായ സഭാസംവിധാനമാണ് കേരളത്തില്‍ ഇന്നുള്ളത്. ആയിരത്തി തൊള്ളായിരത്തി പതിനൊന്നു മുതല്‍ കത്തോലിക്കാ സഭയുടെ കീഴില്‍ സ്വയാധികാര സഭയായി തുടരാന്‍ റോം അനുവദിച്ചതിലൂടെയാണ് ഇത് സാധ്യമായത്. ഇത് വഴി സഭയും സമുദായവും ഒരു പോലെ വളരുകയായിരുന്നു.

കേരളത്തില്‍ സഭയുടെ സ്വയാധികാരം ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണെന്നിരിക്കെ അമേരിക്കയിലോ ലോകത്ത്‌ മറ്റെവിടെയുമോ ഉള്ള ക്നാനായക്കാര്‍ ഭയക്കേണ്ടതുണ്ടോ? അന്യസമുദായത്തില്‍ നിന്നും വിവാഹം ചെയ്തവരെ കുറിച്ച് എന്തിനാണീ മുറവിളി? അമേരിക്കയില്‍ മാത്രമല്ല; ലോകത്ത്‌ മറ്റെവിടെയും സമുദായം മാറി വിവാഹം ചെയ്തവര്‍ ആരാധനയ്ക്കും മറ്റ് കൌദാശിക ആവശ്യങ്ങള്‍ക്കും ക്നാനായ സമൂഹത്തോട് ചേരുന്നത് കൊണ്ട് എന്താണ് കുഴപ്പം? വിവാഹം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അവരുമായി സഹകരിക്കുന്നതില്‍ എന്താണ് തെറ്റ്? ക്നാനായക്കാര്‍ മറ്റു മലയാളി സമൂഹങ്ങളുമായി സഹവാസം ഇല്ലാത്തവരാണെന്ന വല്ല തെറ്റിദ്ധാരണയും ആര്‍ക്കെങ്കിലും ഉണ്ടോ?

മലയാളിസാന്നിധ്യമുള്ള ലോകരാജ്യങ്ങളില്‍ സംഘടനകളുടെയും പള്ളി പ്രവര്‍ത്തനങ്ങളുടെയുമൊക്കെ പിന്നില്‍ ക്നാനായക്കാര്‍ എന്നും മുന്‍പന്തിയിലാണ് ഉള്ളത്. ക്നാനായക്കാര്‍ക്ക് പള്ളികള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം, ക്നാനായക്കാരായ വൈദികര്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം അതൊന്നും ക്നാനായക്കാര്‍ക്ക്‌ ഒരു വിഷയമേ ആകുന്നില്ല. ഈയൊരു മനോഭാവത്തിന് കാരണം, കേരളത്തില്‍ കോട്ടയത്ത്‌ നമ്മുടെ സ്വന്തം രൂപതയുണ്ടെന്ന ആത്മാഭിമാനം മാത്രമല്ലാതെ മറ്റൊന്നുമല്ല.

വിദേശരാജ്യങ്ങളില്‍ ചിലപ്പോള്‍ ചില ക്നാനായ വൈദികരെ കണ്ടെത്തിയേക്കാം. പക്ഷെ അവര്‍ പ്രതിനിധീകരിക്കുന്നത് മറ്റ് സഭകളെയാകും. അവരോടു ക്നാനായക്കാര്‍ക്ക് പ്രത്യേക അടുപ്പം തോന്നിയെന്നും വരാം. എന്നാല്‍ അവര്‍ അത്തരം വികാരങ്ങളെ ക്നാനായ തീവൃതയോടെ ഉള്‍ക്കൊള്ളണമെന്നില്ല. കാരണം അവര്‍ പതിനാറു വയസ്സ് മുതല്‍ വീട്ടുകാരെ ആശ്രയിക്കാതെ തങ്ങള്‍ വന്നു പെട്ട സഭയുടെ ഔദാര്യത്തില്‍ കഴിഞ്ഞവരാണ്. തങ്ങള്‍ക്ക് ജീവിതാന്തസ് നല്‍കിയ സഭയോട് കൂറ് പുലര്‍ത്തുന്നത് തികച്ചും നീതിയാണ് താനും. ഒരു ക്നാനായക്കാരന്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.

വൈദികര്‍ മാത്രമല്ല, ക്നാനയക്കാരായ എത്ര പെണ്‍കുട്ടികള്‍ മറ്റ് സഭകളുടെ കീഴില്‍ രാജ്യത്തിനകത്തും പുറത്തുമായി സന്യസ്തരായി സേവനം ചെയ്യുന്നു? ഇതൊന്നും ചിന്തിക്കാതെയും മാനിക്കാതെയും അല്‍മേനികളായ നാം മറ്റ് സഭകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ന്യായവും യുക്തവുമാണോ? മറ്റ് സഭകളും സമുദായങ്ങളും നമുക്ക്‌ റോമില്‍ നിന്ന് കിട്ടിയ അന്തസിനെ ബഹുമാനിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഭവിക്കുന്നതുപോലെ നമ്മുടെ തന്നെ സമുദായാംഗങ്ങള്‍ പാളയത്തില്‍ പട എന്ന മട്ടില്‍ സമരകാഹളം മുഴക്കുന്നതിലെ അപക്വത ലോകരാജ്യങ്ങളില്‍ കഴിയുന്ന ക്നാനായക്കാര്‍ തിരിച്ചറിയില്ലെന്നാണോ?

അമേരിക്കയില്‍ കഴിയുന്ന നമ്മുടെ തന്നെ സമുദായാംഗവും സഭാംഗവുമായ വൈദികനെ സമുദായത്തിന്‍റെ ഒറ്റുകാരനായി ചിത്രീകരിച്ച് തുടങ്ങിയിട്ടും കാലം കുറെയായി. നമ്മള്‍ അല്‍മേനികള്‍ അല്ലേ സമുദായത്തിന്‍റെ ഇന്നത്തെ പ്രതിസന്ധികള്‍ക്ക്‌ യഥാര്‍ത്ഥ കാരണക്കാര്‍ ? സമുദായം മാറി വിവാഹം ചെയ്തവരാണ് ഈ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്; അല്ലാതെ, വൈദികരല്ല. വെറുതെ വൈദികരെ നമ്മുടെ തെറ്റുകള്‍ക്ക് നാം ശിക്ഷിക്കേണമോ?