2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ക്നാനായ പൈതൃകം ആത്മീയതയുടെ ആസക്തിയോ?

ക്നാനായക്കാർ തലമുറകളായി കൈമാറിയ പൈതൃകം, പാരമ്പര്യം, തനിമ, ഒരുമ ... തുടങ്ങിയ സങ്കൽപങ്ങളുടെ ആധുനിക കാലഘട്ടത്തിലെ അവസ്ഥകൾ നിരീക്ഷിച്ചാൽ ഒക്കെയൊരു തമാശയായി കാണാം.

ക്നാനായക്കാർ കേരളത്തിൽ അല്ലെങ്കിൽ കേരളത്തിനും ഇന്ത്യയ്ക്കും വെളിയിൽ നടത്തിയെന്ന് അവകാശപ്പെടുന്ന കുടിയേറ്റങ്ങൾ ഒക്കെയും പ്രേഷിത കുടിയേറ്റം എന്ന നിലയിൽക്കൂടിയാണ് അറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് സഞ്ചരിച്ച് ചരിത്രപരമായ കടുംപിടുത്തങ്ങളും വാദപ്രതിവാദങ്ങളും നടത്തി സമയം കളയുന്നതിൽ കാമ്പോ കഥയോ ഉണ്ടെന്നു തോന്നുന്നില്ല; എന്നാൽ ഒന്നുണ്ട്, വർഷങ്ങളായി സമുദായമെന്ന നിലയിൽ ക്നാനായക്കാർ കേരളീയ സമൂഹത്തിൽ ചാർത്തിയ കൈയ്യൊപ്പ്.

പ്രേഷിതം എന്ന വാക്ക് അംഗീകരിച്ചാലും ഇല്ലെങ്കിലും അതിജീവനത്തിന്റെ സ്പന്ദനങ്ങൾ തേടി പ്രതിസന്ധികൾ തരണം ചെയ്ത് കുടിയേറ്റം നടത്തിയെന്നതിന്റെ പ്രസക്തമായ ചരിത്ര പിൻബലം അവകാശപ്പെടാൻ കഴിയുന്ന ഒരു സമൂഹമാണത്.

പ്രകൃതിയോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി അന്നന്നത്തെ അന്നം നേടിയിരുന്ന പഴയ തലമുറ കാത്തുസൂക്ഷിച്ചു എന്നവകാശപ്പെടുന്ന ആത്മീയ ജീവിതത്തിന്റെ തുടർച്ച എന്നോണം യു.കെ.യിൽ അടുത്ത കുറെ വർഷങ്ങളായി കണ്ടുവരുന്ന ആത്മീയ/ അനുഷ്ടാന അടിമത്തം പൂർവ്വികർ പകർന്നു തന്നു എന്നാരെങ്കിലും അവകാശ പ്പെട്ടാൽ ഹാ കഷ്ടം! എന്നല്ലാതെ മറ്റെന്തു പറയാൻ?

ഇന്നത്തെപ്പോലെ വ്യക്ത്യാധിഷ്ടിത ജീവിത സമ്പ്രദായമായിരുന്നില്ല പൂർവികർ പിന്തുടർന്നത്‌. വൃദ്ധരും ഭാര്യാ ഭർത്താക്കന്മാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ എല്ലാവരുടെയും വയർ നിറയ്ക്കുക എന്നതുതന്നെ കഠിനമായ യത്നമായിരുന്നു.

കുടുംബാംഗങ്ങൾ എല്ലാവരും, പോരാത്തതിന് ജാതിമത ഭേദമെന്യേ അയൽവാസികൾ എല്ലാവരുടെയും കൂട്ടായ പ്രയത്നം ആവശ്യകരമായ സാമൂഹ്യാന്തരീക്ഷത്തിലാണ് പൂർവ്വികർ ജീവിതം നയിച്ചത്. കുടുംബ പ്രാർത്ഥന, ആഴ്ചയിൽ ഒരിക്കൽ ദിവ്യ ബലിയിൽ സംബന്ധിക്കുക എന്നതിൽ കവിഞ്ഞ് മത്തു പിടിച്ച രീതിയിൽ ആത്മീയതയിലോ അനുഷ്ടാനത്തിലോ ആസക്തരായവർ പൂർവ്വികരിൽ ആരുംതന്നെയില്ല. ഉത്തരവാദിത്തങ്ങൾ താരതമ്യേന കുറവുള്ള പ്രായമായവർ ദിവസവും പള്ളിയിൽ പോയിട്ടുണ്ടാകാം. അങ്ങനെയുള്ളവരുടെ എണ്ണം വളരെ തുച്ഛമായിരുന്നു.

മലബാർ പ്രദേശങ്ങളിലും മറ്റു വിദൂര മേഖലയിലും കുടിയേറിയ ബന്ധുമിത്രാദികൾ വീട്ടിൽ വരുമ്പോൾ പ്രാർത്ഥനയേക്കാൾ മുൻ‌തൂക്കം കള്ളിനും വിഭവ സമൃദ്ധമായ ഭക്ഷണത്തിനും പഴയകാല പൂർവ്വികരുടെ വീര സഹസികതകളും മണ്ടത്തരങ്ങളും അടങ്ങിയ നേരമ്പോക്കുകൾക്കുമായിരുന്നു.

പൂർവ്വികർ അനുവർത്തിച്ചിരുന്ന ഈ രീതി പാടേ മറന്നുകൊണ്ട് മദ്യം ഒഴിവാക്കി, കൊന്തയും കുരിശിന്റെ വഴിയും നടത്തി, ഭക്ഷണവും കഴിച്ച് ഭംഗിവാക്കുകൾ മാത്രം കൈമാറി പഴങ്കഥകൾ പറയാൻ കഴിയാതെ ക്നാനായ കൂട്ടായ്മകളെ നമ്മൾ അവഹേളിക്കുകയാണോ? ഒപ്പം പൂർവ്വികരെയും ?