2014, ഡിസംബർ 28, ഞായറാഴ്‌ച

ചാപ്ലയില്‍ സ്ഥാനം യു.കെ.യില്‍ ക്നായ്ക്ക് ഗുണകരമോ?

മൂന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ വിരളമായിരുന്നു. അക്കാലത്ത് കുടിയേറിയ ക്നനായക്കാര്‍ ചെന്നു പെട്ട ഇടങ്ങളില്‍ ഒക്കെയും തങ്ങള്‍ക്ക് പറ്റുന്ന തരത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ച്‌ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചു. മറ്റു ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ മേല്‍ക്കൈ അവകാശപ്പെടാവുന്നതും ഒരു പക്ഷേ ക്നാനായക്കര്‍ക്ക് മാത്രമായിരിക്കും.

തൊള്ളായിരത്തി പതിനൊന്നില്‍ കോട്ടയം രൂപത ഉണ്ടായതിനു ശേഷം ഇന്നുവരെ ആവശ്യത്തിലധികം പള്ളികളും പ്രസ്ഥാനങ്ങളും ക്നാനായക്കാര്‍ക്ക് അവകാശമായി ഉണ്ട്. എന്നാല്‍ ചരിത്രപരമായി ക്നാനായക്കാര്‍ക്ക് അവകാശപ്പെട്ട മേല്‍ക്കൈ കത്തോലിക്കാ സഭയില്‍ ഇന്നില്ല. കേവലം ഒരു രൂപത എന്നതില്‍ കവിഞ്ഞ എന്തെങ്കിലും പരിഗണനയോ പ്രത്യേകതയോ സീറോ മലബാര്‍ സഭ ക്നാനയക്കാര്‍ക്ക് നല്‍കാറില്ല.

ആരാധനക്രമം ഒന്നാണ് എന്ന കാരണത്താല്‍ കേരളത്തിലും ഇന്ത്യയ്ക്കും വെളിയില്‍ ക്നാനായക്കാര്‍ കേവലം സീറോ മലബാര്‍ വിശ്വാസികള്‍ മാത്രമാണ് എന്ന തെറ്റായ പ്രചാരണം നടത്തുകയാണ് സീറോ മലബാര്‍ സഭ ഇപ്പോഴും എപ്പോഴും എല്ലായ്പ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്.

ഇതിനെ മറി കടക്കാന്‍ രൂപതാ നേതൃത്വവും കാര്യമായ ഒരു നീക്കങ്ങളും നടത്തില്ല; കാരണം അധികാര കേന്ദ്രങ്ങളുടെ ഇടനാഴികളില്‍ പലപ്പോഴും തോളില്‍ കൈ ഇട്ടു നടക്കേണ്ടവര്‍, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയുന്നവര്‍... ഇവര്‍ക്ക്‌ ക്നാനായ വികാരം പറഞ്ഞ് തമ്മില്‍ തല്ലി കലഹിക്കാന്‍ നേരമില്ല. അതുകൊണ്ടുള്ള ഒരു ഗുണം ക്നാനയക്കാര്‍ നടത്തുന്ന ഏതു പരിപാടിയിലും അക്നാ വൈദിക ശ്രേഷ്ടന്മാര്‍ ഓടിവന്ന് ക്നാനായക്കാര്‍ മാടയാണ്, കോടയാണ്, അദ്ഭുതമാണ് എന്നൊക്കെ തൊണ്ട കീറി അലറിയിട്ടു പോകും.

യു.കെ.യില്‍ ക്നാനായക്കാര്‍ക്ക് ഒരു ചാപ്ലിന്‍ ഉണ്ടായി എന്ന് കരുതി അമിതമായി ആഹ്ലാദിക്കേണ്ടതില്ല. ഒരു ക്നാനായ വൈദികന്‍ തിരിച്ചു പോകേണ്ടി വരാതെ ഇവിടെ തുടരുന്നു എന്നതില്‍ കേവല സന്തോഷം ഉണ്ട് എന്നതൊഴിച്ചാല്‍ ക്നാനായ സമുദായത്തിന് ഭാവിയില്‍ ഇതുകൊണ്ട് ഒരു ഗുണവും കാംക്ഷിക്കേണ്ടതില്ല.

ഇപ്പോള്‍ തുടരുന്നത് പോലെ പല സ്ഥലങ്ങളിലും ഉള്ള ക്നാനായക്കാര്‍ അവര്‍ക്ക്‌ ഇണങ്ങുന്ന പള്ളികളില്‍ പോയി ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക; സീറോ മലബാര്‍ എങ്കില്‍ അത്, ലത്തീന്‍ എങ്കില്‍ അത്, മലയാളി വൈദികന്‍ ആണോ ഇംഗ്ലീഷ്‌ കുര്‍ബാന ആണോ ഇതൊന്നും പ്രസക്തമല്ല. ക്നാനായക്കാര്‍ക്ക് സ്വന്തമായ അസ്തിത്വവും ഐഡന്റിറ്റിയും ഉണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ കേവല വിശ്വാസികള്‍ ആയ ക്നാനയക്കാരും പരാജയപ്പെട്ടിട്ടുണ്ട്. പല പള്ളികളിലും ഭരണ/കമ്മിറ്റി ഭാരവാഹിത്വം വഹിച്ച് സേവന നിരതരാകുന്നവര്‍ ഓര്‍മിക്കുക; നാളെ സീറോ മലബാര്‍ വൈദികരും വിശ്വാസികളും തക്കം കിട്ടിയാല്‍ നിങ്ങളെ ചവച്ചു തുപ്പും. അത്രയ്ക്ക് അങ്ങ് ദേഷ്യമുണ്ട് അവര്‍ക്ക്‌ ക്നാനായ എന്ന വാക്കിനോട്.

നാട്ടില്‍ ഒരിടവക ദേവാലയവും കോട്ടയത്ത്‌ നമുക്ക്‌ അരമനയും മെത്രാനും ഉണ്ട്; ഇതില്‍ കവിഞ്ഞ ഒരാത്മവിശ്വസവും എടുത്തു ചാട്ടവും വിദേശ ക്നാനായക്കാര്‍ക്ക്‌ ഗുണം ചെയ്യില്ല എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.