പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട അനുഷ്ടാനങ്ങളും ഓരോ കാലത്തും പല വിധത്തിലാണ്. പഴയ നിയമത്തില്‍ പറയുന്ന ബലിയര്‍പ്പണം പക്ഷി മൃഗാദികളെ കൊന്ന് മാംസവും നെയ്യും ദഹിപ്പിക്കുന്ന രീതിയിലാണ്.,.കൂടിവരുന്ന ജന സമൂഹത്തിന്റെ എണ്ണത്തിനൊത്ത വിധം പക്ഷി മൃഗാദികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കും. പുരോഹിതന്റെ വേഷവിധാനങ്ങള്‍ ഇന്നത്തെ പോലെ തന്നെ ഏറെ സങ്കീര്‍ണ്ണമായിരുന്നു താനും. വൈദിക വേഷമണിഞ്ഞ ഇറച്ചിക്കടക്കാരന്റെ റോളില്‍ അന്നത്തെ പുരോഹിതരെ സങ്കല്‍പിക്കുന്നതില്‍ തെറ്റുണ്ടാവാന്‍ ഇടയില്ല.
അനുഷ്ടാനങ്ങളിലെ കര്‍ക്കശഭാവവും തികഞ്ഞ യാഥാസ്ഥിതികത്വവും സ്വാഭീഷ്ടകാഴ്ചകളോടുള്ള അമിതാസക്തിയും ഒക്കെയാവാം ഇവരെക്കുറിച്ച് വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന നാണം കെട്ട നാമകരണത്തിന് യേശുവിനെ പ്രേരിപ്പിച്ചത്..,. ദൈവഹിതം എന്തെന്നറിയാന്‍ ശ്രമിക്കാതെ, ദൈവം തങ്ങള്‍ക്കു നല്‍കിയ അനേക നന്മകള്‍ കാണാന്‍ കഴിയാതെ പോയ ദൈവജനം അഹരോന്‍ എന്ന മഹാപുരോഹിതനോട് തങ്ങള്‍ക്ക് ആരാധിക്കാന്‍ ഒരു കാളക്കുട്ടിയെ വേണമെന്ന് ആവലാതിപ്പെടുന്നു.
വിശ്വാസി സമൂഹത്തിന്റെ ഇംഗിതത്തിനു വഴങ്ങി അവരില്‍ നിന്ന് സംഭരിച്ച ലോഹങ്ങള്‍ ഉപയോഗിച്ച് അഹരോന്‍ കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം നിര്‍മ്മിച്ച് അവരെ തൃപ്തരാക്കി. അഹരോന്‍ എന്ന മഹാപുരോഹിതന്‍ വിശ്വാസികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വയം തരം താഴുന്ന കാഴ്ചയാണത്. ഫലമോ? നാല്‍പതു ദിവസം മലമുകളില്‍ ഉപവസിച്ച് ദൈവതേജസ്സ് അനുഭവിച്ച് ദൈവ പ്രമാണം കല്ലില്‍ എഴുതി വാങ്ങി മലയിറങ്ങിയ മോശയ്ക്ക് ദൈവ പ്രമാണം എറിഞ്ഞുടയ്ക്കേണ്ടി വന്നു.
മരുഭൂമിയിലെ യാത്രയില്‍ കാളയെ ബലിയര്‍പ്പിക്കുക പ്രായോഗികമായിരുന്നില്ല. അതിനു മാനുഷികമായ ആലോചനയില്‍ കണ്ടെത്തിയ മാര്‍ഗ്ഗമാകാം കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം. പക്ഷി മൃഗാദികള്‍ക്ക് പകരമായി ദൈവപുത്രന്‍ സ്വന്തം ശരീരം കാല്‍വരിയില്‍ യാഗമായി നല്‍കിയതിലൂടെ പഴയ നിയമം ഏറെക്കുറെ അസാധുവായി. പക്ഷി മൃഗാദികളുടെ ഇറച്ചിക്ക് പകരം തിരു വോസ്തിയും വീഞ്ഞും ഉള്‍പ്പെടുത്തി പുതിയ അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നു.
ക്രിസ്തുവിന്റെ ശരീരവും രക്തവും ആണ് എല്ലാ ക്രിസ്തീയ സഭകളുടെയും ദിവ്യ ബലിയുടെ കാതല്‍ . എന്നാല്‍ അനുഷ്ടാനങ്ങളില്‍ ദുര്‍ഗ്രാഹ്യത കുത്തി നിറച്ച് വചനങ്ങളില്‍ നിന്നും കല്‍പനകളില്‍ നിന്നും ഏറെ അകന്ന്‍ ദീര്‍ഘ സമയം അടിച്ചേല്പിക്കുന്ന അനുഷ്ടാനാഭാസമായി ഇതില്‍ പലതും മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സഭകളുടെ അപ്രമാദിത്വവും വിശ്വാസികളുടെ അനുസരണ ശീലവും കാരണമായി ചോദ്യം ചെയ്യപ്പെടാത്ത ദിനചര്യയായി ക്രിസ്തീയ അനുഷ്ടാനങ്ങള്‍ അഭംഗുരം തുടരുന്നു.
ഏക ദൈവത്തിലും പത്തു കല്പനയിലും ക്രിസ്തുവിലും വിശ്വസിക്കുന്ന കോടിക്കണക്കിനു ക്രൈസ്തവര്‍ പല സഭകളിലായി പിന്തുടരുന്ന അനുഷ്ടനങ്ങളിലേയ്ക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകും ഇതിലെ പൊള്ളത്തരം. പൗരോഹിത്യത്തിലെ തെരഞ്ഞെടുപ്പാണ് മറ്റൊന്ന്. ക്രിസ്തു, പത്രോസ് മുതല്‍ ഒറ്റിക്കൊടുത്ത യൂദാസ് വരെ ഉള്ളവരെ തെരഞ്ഞെടുത്തത് പ്രത്യേക അജണ്ടയോ മാനദണ്ഡമോ ഉപയോഗിച്ച് ആയിരുന്നില്ല. അവരാരും അതിനു വേണ്ടി പ്രത്യേകം ഒരുങ്ങിയിരുന്നുമില്ല.
പല സഭകളും മേലധികാരിയുടെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പകര്‍ന്നാണ് ഒരുവനെ പുരോഹിതനായി അഭിഷേകം ചെയ്യുന്നത്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയിട്ടുള്ള സഭകള്‍ സ്ത്രീകളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് പൗരോഹിത്യം ത്യജിക്കാന്‍ തയ്യാറായവരെ നിര്‍ദാക്ഷിണ്യം കയ്യൊഴിയുന്നു. ഇവരില്‍ പലര്‍ക്കും ശോഭനമായ ജീവിതം കൈയെത്താ ദൂരെയാവും. എന്നിരുന്നാലും ആരും തകര്‍ന്നു പോയതായി കേള്‍ക്കാനിടയില്ല.
കേവലം അനുഷ്ടാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുരോഹിതന് വെല്ലുവിളികള്‍ നന്നേ കുറവായിരിക്കും. എന്നാല്‍ സാമൂഹ നന്മയെ കരുതി തന്നാല്‍ ആകുന്നത് ചെയ്യുന്ന വിപ്ലവകാരികള്‍ ആയിട്ടുള്ള പുരോഹിതരെ കാത്തിരിക്കുന്നത് പലപ്പോഴും മുള്‍ക്കിരീടവും കയ്പ് നീരുമാവും. പഴയ നിയമ കാലത്തില്‍ നിന്നും വിശ്വാസികള്‍ ഭൗതികമായി വളരെയേറെ മുന്നേറിയെങ്കിലും ആത്മീയമായി അതേ നിലവാരത്തില്‍ തന്നെയാണ് ഇന്നും എന്ന് ന്യായമായും സംശയിക്കാം. ഒരു സഭക്കാരന്‍ വേറൊരു സഭാക്കാരന്റെ ആരാധനയില്‍ പങ്കെടുക്കാന്‍ തയ്യാറല്ല. എല്ലാ സഭയിലുള്ളവര്‍ക്കും വേണ്ടത് ക്രിസ്തുവോ ദൈവ കല്പനയോ അല്ല; തങ്ങള്‍ ശീലിച്ച അനുഷ്ടാനങ്ങള്‍ എന്ന സ്വര്‍ണ്ണ വിഗ്രഹമാണ്.
ഇവിടെ ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത് സ്വന്തം അഭിരുചിയും തീരുമാനങ്ങളും ആണ്. പത്തു കല്പനകള്‍ പാലിക്കുക എന്നത് മനുഷ്യ ജന്മത്തില്‍ അസാധ്യമാണ്. ജീവിത സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇതില്‍ ഏതെങ്കിലും കല്പന ലംഘിക്കേണ്ടി വന്നവര്‍ക്ക് ദൈവതിരുമുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം യാചിക്കാന്‍ ദൈവം അനുവദിക്കുന്നുണ്ട്. അതിനുള്ള വഴി എന്നതോ ക്രിസ്തുവും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇതിനു വേറൊരു മധ്യസ്ഥന്റെ സഹായം തേടേണ്ടതില്ല. അല്ലാത്തവര്‍ ക്രിസ്തുവിനെ ശരിക്കും അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍.,.