പെണ്‍കുട്ടികള്‍ പ്രായമായി വരുന്നതോടെ മാതാപിതാക്കളുടെ ആധിയും കൂടി വരുന്ന ഒരു പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഒരു ഇണയെ അന്വേഷിച്ചു കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്നത് ചെലവേറെയുള്ള ഏര്‍പ്പടായിരുന്നു. അന്നന്നത്തെ അന്നത്തിന് നന്നേ ബദ്ധപ്പെട്ടിരുന്ന ഒരു കുടുമ്പത്തിനു അനായാസം താങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്.
ഉള്ള പുരയിടം വിറ്റോ, ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ചെലവ് ചെയ്തോ കെട്ടിച്ചയച്ചാല്‍തന്നെ കൊണ്ടുവന്നത് കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയും വീട്ടിലേക്ക് തന്നെ തിരിച്ചു പോരേണ്ട ഗതികേടില്‍ എത്തിപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ അനവധിയുണ്ട്.
കാലം മാറിയതോടെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുകയും കുടുമ്പത്തിനു തന്നെ താങ്ങും തണലും നല്‍കാന്‍ തക്ക കെല്പും നേടി. വൈവാഹിക ജീവിതം സംബന്ധിച് വ്യക്തമായ കാഴ്ചപ്പാടുകളോടെ തങ്ങള്‍ക്കു ചേരുന്ന ഇണയെ കണ്ടെത്തി വിവാഹം കഴിക്കുന്നതില്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.
കേരളത്തിന് വെളിയിലും ഇന്ത്യക്ക് പുറത്തും ജോലി തേടി പോയ മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ ഒഴികെ ബാക്കിയെല്ലാവരും തങ്ങളുടെ ജാതിയിലും സഭാ-സമുദായങ്ങളിലും ഉള്‍പ്പെട്ട മലയാളികളെ തന്നെയാണ് ജീവിതപങ്കാളികളായി സ്വീകരിച്ചിരുന്നത് .
എത്രയൊക്കെ പുരോഗമന വാദം കൊട്ടി ഘോഷിക്കുന്നവര്‍ക്കും ഇതിനൊരു അപവാദമാകാന്‍ കഴിഞ്ഞില്ലെന്നത് പച്ച പരമാര്‍ത്ഥം! കേരളത്തില്‍ എന്നതുപോലെ കേരളത്തിന് പുറത്തും മലയാളി അഡ്രസ് ചെയ്യപ്പെടുന്നത് ഒരു പരിധി വരെ ജാതിയുടെയും മതത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും ലേബലുകളില്‍ തന്നെയാണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് വിദേശരാജ്യങ്ങളില്‍ മലയാളി സംഘടനകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വിവധ ജാതി - മത - സാമുദായിക കൂട്ടായ്മകള്‍ .
ഈ സമ്പ്രദായം ശരിയോ തെറ്റോ എന്ന് സ്ഥാപിക്കുക അല്ല ഇവിടെ; മറിച്ച്, വരും തലമുറ മലയാളിയുടെ സാമ്പ്രദായിക സംവിധാനങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും എങ്ങനെ നോക്കി കാണുന്നു എന്ന ഒരു അന്വേഷണം മാത്രം.
പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് യു.കെ.യില്‍ എത്തിയ മലയാളി കുടുംബങ്ങളില്‍ ഇന്ന് വിവാഹ പ്രായമായ കുട്ടികള്‍ ഏറെയാണുള്ളത്. മേല്‍സൂചിപ്പിച്ച സാമ്പ്രദായിക സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളും പിന്തുടരുന്ന ഇവരുടെ മാതാപിതാക്കള്‍ പുരോഗമന വാദികള്‍ ആണെങ്കില്‍ കൂടി ആഗ്രഹിക്കുന്നത് മക്കള്‍ സാമ്പ്രദായികമായി തന്നെ ഒരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന് തന്നെയാണ്.
ഇതില്‍ വിജയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണോ സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്? ചില കുട്ടികള്‍ ജാതി-മത-സാമുദായിക-സഭാ സമ്പ്രദായങ്ങള്‍ പാടേ ഉപേക്ഷിക്കുന്നു എന്ന് മാത്രമല്ല; ഭാഷാ- ദേശ വ്യത്യാസം പോലും മുഖവിലയ്ക്കെടുത്ത് കാണുന്നില്ല.
സാംസ്കാരികമായി ആധുനിക സമൂഹം എന്ന് കരുതുന്ന ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ജീവിച്ചതും പഠിച്ചതും ഇതിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിരാകരിക്കാന്‍ തക്ക വസ്തുതകള്‍ കൈവശം ഇല്ലാത്തതിനാലും ഈ വിഷയം സംബന്ധിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്ലും അതിനു മുതിരുന്നില്ല.
എന്നാല്‍ അറിവില്‍ പെട്ടിടത്തോളം അടുത്ത കാലത്ത് നടന്ന സംഭവങ്ങളില്‍ മലയാളികള്‍ അല്ല എന്ന ഒരു സമാനത മാത്രമാണുള്ളത്. മലയാളി ആണെങ്കില്‍ തന്നെ തന്റെ ജാതിയിലോ മതത്തിലോ പെടാത്ത ഒരാള്‍ ; അതല്ല,തന്റെ തന്നെ ജാതി-മതത്തില്‍ ഉള്ളയാളാണെങ്കില്‍ അത് മലയാളി ആയിരിക്കില്ല. ഏറ്റവും പുതുതായി മലയാളിയുമല്ല സ്വന്തം ജാതി-മതത്തില്‍ പെട്ട ആളുമല്ലാത്ത സംഭവങ്ങളും വന്നു കഴിഞ്ഞു.
പക്ഷേ, വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള ഒരു ഇംഗ്ലീഷുകാരനെയോ ഇംഗ്ലീഷുകാരിയെയോ ബോയ് ഫ്രണ്ടോ ഗേള്‍ ഫ്രണ്ടോ ആയി കിട്ടിയ മലയാളി കുട്ടികള്‍ ഇതുവരെ വാര്‍ത്തയായിട്ടില്ല. ഇതിനര്‍ത്ഥം ഈ പരിഷ്കൃത സമൂഹത്തിലും സാംസ്കാരിക വൈരുദ്ധ്യത്തിന് പ്രസക്തിയുണ്ടെന്നു തന്നെയാണ്. പഠിപ്പും ഉദ്യോഗവും ഉള്ള ഇംഗ്ലീഷുകാര്‍ വെള്ളക്കാരില്‍ പെട്ടവര്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്. അപവാദങ്ങള്‍ ഇല്ലെന്നല്ല; അത് ഏഷ്യന്സിന്റെ അത്ര ഇല്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്!
ഇവിടെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത് ഇത്തരം കുട്ടികളുടെ മാതാപിതാക്കളേക്കാള്‍ ജാതി-മത സംഘടനകള്‍ക്കും മലയാളികളുടെ കാക്കത്തൊള്ളായിരം സാംസകാരിക സംഘടനകള്‍ക്കുമാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും മതപരമായ അനുഷ്ടാനങ്ങളും കുട്ടികളില്‍ മടുപ്പ് ഉളവാക്കുന്നുണ്ടോ എന്ന് ആരും ഒരന്വേഷണവും നടത്തി കാണുന്നില്ല.
ഒരേ ജാതിയിലും സമുദായത്തിലും പെട്ട മാതാപിതാക്കള്‍ നിത്യേന തമ്മില്‍ കലഹിക്കുന്നതും ചില കുട്ടികളെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. അധ്വാനവും അത്യധ്വാനവും ചെയ്ത് ആവശ്യത്തിലേറെ പണം സ്വരുക്കൂട്ടുമ്പോള്‍ നമ്മുടെ ഉള്ളില്‍ പണ്ട് നാമനുഭവിച്ചതും ച്ചുറ്റുവട്ടത്തുള്ളവര്‍ അനുഭവിച്ചതുമായ ദാരിദ്ര്യം ഒരു നിഴലായി പിന്തുടരുന്നുണ്ടാവും.
കുട്ടികള്‍ക്ക് പക്ഷേ ദാരിദ്ര്യം സംബന്ധിച് കേട്ടറിവ് ഉണ്ടെങ്കിലും അത് അനുഭവിക്കുകയോ അനുഭവിക്കുന്നവരെ കാണുകയോ ചെയ്യുന്നില്ല എന്ന വ്യത്യാസം ഉണ്ട്.
മാറുന്ന സാഹചര്യങ്ങളില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത്.
വാല്‍ക്കഷണം: ഗാന്ധിജി വിവാഹ ശേഷം ഇംഗ്ലണ്ടില്‍ എത്തിയത് നന്നായി; അല്ലെന്നു വരികില്‍ ഏതെങ്കിലും വെള്ളക്കാരിയെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ദേശവാസിയെയോ വിവാഹം കഴിച്ച് ഇംഗ്ലണ്ടില്‍ തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം വളര്‍ത്തിയെടുത്ത ദേശ സ്നേഹവും അതിലൂടെ നാം കൈവരിച്ച സ്വാതന്ത്ര്യവും വെറും മരീചിക മാത്രമാകുമായിരുന്നു ....