2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പ്രവാസിയും ആത്മീയതയും

എങ്ങനെയും രക്ഷ പെടണമെങ്കില്‍ നാട് വിടണമെന്ന ചിന്ത പ്രാചീനകാലം മുതല്‍ മലയാളികളെ സ്വാധീനിച്ചിരുന്നു. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും വ്യവസായങ്ങളുടെ അഭാവവും ഒക്കെ കൂടി ഒരു തരം അരക്ഷിതാവസ്ഥയിലായിരുന്നു കേരളത്തിലെ യുവജനങ്ങള്‍ ഏതാണ്ട് എല്ലാ കാലങ്ങളിലും.

അയല്‍ സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒക്കെ പണി തരപ്പെടുമെന്ന മോഹവുമായി വീട്ടുകാരറിഞ്ഞും അറിയാതെയും കള്ള വണ്ടി കയറിയും ഒറ്റയ്ക്കും കൂട്ടായും നാട് വിട്ടവര്‍ അനവധിയാണ്. പിന്നീട് സിനിമയില്‍ കാണുന്നതുപോലെ വലിയ പണക്കാരായി തിരിച്ചു വന്നവരുണ്ട്; വലിയ കുഴപ്പമില്ലാതെ ജീവിചു പോയവരുണ്ട് ; ഒരിക്കലും മടങ്ങി വരാതെ ജീവിക്കുന്നവരും മരിച്ചവരുമുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ പ്രവൃത്തി പരിചയവും അനുഭവങ്ങളും മാത്രം കൈമുതലാക്കി ഗള്‍ഫ്‌ എന്ന സ്വപ്ന ഭൂമിയിലേക്ക് ചിറകടിച്ചുയര്‍ന്നവരും ഏറെയാണ്. എന്നാല്‍ ഇവിടെയൊക്കെ ഉത്പാദനപരമായ അല്ലെങ്കില്‍ വാണിജ്യ പരമായ മേഖലകളില്‍ തങ്ങള്‍ക്കിണങ്ങുന്ന ചെറുതും വലുതുമായ സേവന മേഖലകളില്‍ ഏര്‍പ്പെട്ടു ജീവിതം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

കുട്ടുംബം എന്ന സങ്കല്പത്തിന് നിറവും മിഴിവും നല്‍കുന്നതില്‍ നാട് വിട്ടുള്ള ഈ ജൈത്രയാത്ര പലര്‍ക്കും തുണയായി. പെണ്‍കുട്ടികള്‍ സമാന്തരമെന്ന വണ്ണം അന്യ സംസ്ഥാനങ്ങളില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്ന്‍ ഭാവി കരുപ്പിടിപ്പിക്കുകയായിരുന്നു.

നാട്ടിലും ഗള്‍ഫിലും നമ്മള്‍ അറിയുന്ന നേഴ്സിംഗ് സേവന മേഖല തികച്ചും ആസ്പത്രികള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആസ്പത്രികളില്‍ ഉള്ളത് പോലെയോ അതിനേക്കാള്‍ ഏറെയോ ഈ സേവനം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളാണ് വൃദ്ധ സദനങ്ങള്‍ .

നല്ല ശതമാനം മലയാളികള്‍ പല രാജ്യങ്ങളിലും കെയര്‍ഹോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ മിക്കവരും നേഴ്സിംഗ് , സീനിയര്‍ കെയറര്‍ തുടങ്ങിയ തസ്തികകളില്‍ ആണെങ്കില്‍ പുരുഷന്മാര്‍ അധികവും കേറ്ററിംഗ്, ലോണ്ട്രി, ക്ലീനിംഗ് തുടങ്ങി മറ്റ് അസിസ്റന്റ് തസ്തികകളിലാണ്. നേഴ്സുമാരും കുറവല്ല.

ജോലിക്ക് മാസശമ്പളം എന്ന നമുക്ക്‌ പരിചിതമായ സംവിധാനമല്ല ഇവിടെയുള്ളത്. പകരം മണിക്കൂറിനു ഇത്ര പൗണ്ട് എന്ന രീതിയില്‍ ആഴ്ചയില്‍ മുപ്പത്‌ / നാല്‍പത്‌ മണിക്കൂര്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ ധാരണയാകുകയാണ് പതിവ്.

മനുഷ്യന് പണത്തിനോട് വല്ലാത്ത ഒരു തരം ആര്‍ത്തിയുണ്ട്. ഇക്കാര്യത്തില്‍ മലയാളിക്കുള്ള ആര്‍ത്തി ഇംഗ്ലീഷുകാരെയും ആഫ്രിക്കകാരെയും ഒക്കെ പിന്നിലാക്കുന്ന തരത്തിലുള്ളതാണ്. പുരുഷന്മാരേക്കാള്‍ മാലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ലോകത്ത്‌ ആരുമായും കിട പിടിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെയോ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലോ ഓവര്‍ ടൈം ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇതൊരു തെറ്റാണെന്നോ മോശം കീഴ്വഴക്കമാണെന്നോ അസൂയ പൂണ്ടു വിമര്‍ശിക്കുകയല്ല; മറിച്ച് ഇങ്ങനെ അധിക ജോലിയില്‍ ഏര്‍പ്പെടുക വഴി കുറച്ചു സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും കുടുംബ ജീവിതങ്ങളില്‍ ഉണ്ടാകാനിടയുള്ള സൈഡ് ഇഫക്ടുകള്‍ക്കുള്ള സാധ്യതകള്‍ കണ്ടില്ലെന്നു നടിക്കരുത്.

ഈ അധിക ജോലിയുടെയും അമിത വേതനത്തിന്റെയും പരിണിത ഫലങ്ങളില്‍ ഒന്നാണ് കേരളത്തില്‍ ഭൂമി വിലയില്‍ വന്ന ഭീമമായ വര്‍ധന! ഒരുവന്‍ ലോണെടുത്ത് പത്തു സെന്റ്‌ വാങ്ങിയെന്നറിഞ്ഞാല്‍ അടുത്തവന്‍ ലോണ്‍ എടുത്തു പത്തേക്കര്‍ വാങ്ങി സ്വയം കേമനാകും.

കേമന്മാരും കേമികളും തങ്ങളുടെ ആയുസ്സിനെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ചിന്തിക്കാതെ രാപകല്‍ ഇല്ലാതെ നെട്ടോട്ടമാണ്. ഇതിനിടയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ ... അവര്‍ ക്ലാസ്‌ മുറികളിലും സഹപാഠികളിലും നിന്ന് ഇംഗ്ലീഷ്‌ ഭാഷയും അമ്മയപ്പന്മാരില്‍ നിന്ന് ശകാരവും വഴക്കും മലയാളത്തിലും കേട്ട് വളര്‍ന്നു വലുതാകും!

പ്രവാസി മലയാളി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, ചിലരെങ്കിലും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മക്കളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നു എന്നതാണ്. കേരളത്തിന്‌ വെളിയില്‍ പല സംസ്ഥാനങ്ങള്‍ താണ്ടിയും ഇന്ത്യക്ക് വെളിയില്‍ പല രാജ്യങ്ങള്‍ താണ്ടിയും കുഞ്ഞുകുട്ടി പരാധീനങ്ങളെയും കൊണ്ട് പങ്കപ്പാടുകള്‍ ഏറെ സഹിച്ചു സാമ്പത്തികമായി വിജയം കൊയ്ത ഒരു തലമുറയ്ക്കാണ് ഈ ദുര്‍വിധി എന്നോര്‍ക്കണം.

അവള്‍ അഞ്ചു ഡ്യൂട്ടി ചെയ്തു, അവന്‍ നാല് ഡ്യൂട്ടി ചെയ്തു; എഴുപതു വയസ്സുള്ള ഇംഗ്ലീഷുകാരി ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി ചെയ്യുന്നു... ഇങ്ങനെ പോകുന്നു ഓരോരുത്തര്‍ക്കും ഡ്യൂട്ടി കൂടുതല്‍ ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള പ്രചോദനങ്ങള്‍ .

ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചും നൈമിഷികതയെക്കുറിച്ചും ഉള്ള ആത്മീയ കാഴച്ചപ്പാടുകളുടെ അഭാവമാണ് പലപ്പോഴും ഇത്തരം വിഡ്ഢി ജീവിതങ്ങള്‍ക്ക്‌ വളമേകുന്നത് . ഇവിടെ അമ്പരപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ഇവരെല്ലാവരും തന്നെ വളരെ റിലീജിയസ് ആണെന്നതാണ്!

മുറ തെറ്റാതെയുള്ള പള്ളിയില്‍ പോക്ക്, ആധ്യാത്മിക ധ്യാനങ്ങളിലെ പങ്കാളിത്തം, എന്ന് വേണ്ട ആചാരാനുഷ്ടാനങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നവര്‍ ... എന്തുകൊണ്ടാണ് ഇവര്‍ക്ക്‌ യഥാര്‍ഥത്തിലുള്ള ആത്മീയ ജ്ഞാനം ലഭിക്കാതെ പോകുന്നത്? വിളഞ്ഞു കിടക്കുന്ന വയലില്‍ വേലയ്ക്കെത്തുന്ന കൊയ്ത്തുകാര്‍ ഒരു പരിധി വരെ ഇതിനു കാരണക്കാരാണ്.

ഒരുവന്‍ ചത്തൊടുങ്ങുമ്പോള്‍ മാത്രം "വയലില്‍ പൂക്കും പുല്‍ക്കൊടി പോലെ ..." എന്ന് പാടിയിട്ട് കാര്യമില്ല; മാനുഷിക ജീവിതത്തിനു ഉതകുന്ന വിധത്തില്‍ ദൈവ വചനം വിശകലനം ചെയ്ത് അനുവര്‍ത്തിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തുവാന്‍ വേണ്ട ഒത്താശ ചെയ്യുക എന്നതാണ് ധ്യാന ഗുരുക്കളില്‍ നിന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

ആത്മീയതയുടെ വക്താക്കള്‍ എല്ലാവരും തന്നെ ഒന്നുമില്ലാത്തവരായിരുന്നു. ഭൗതികമായി തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം; ഭാര്യയെ ഉള്‍പ്പെടെ, പോലും ഉപേക്ഷിച്ചവരാണ് ബുദ്ധനും ശ്രീ നാരായണ ഗുരുവും. ക്രിസ്തു ആകട്ടെ നിനക്കുള്ളതെല്ലാം വിറ്റിട്ട് വന്ന് എന്നെ അനുഗമിക്കാനാണ് ഒരുവനോട് ആവശ്യപ്പെട്ടത്‌.. ..

ഇനി ഇതൊന്നുമല്ലെങ്കിലും നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാര്യം ഒന്ന് പരിഗണിച്ചു നോക്കൂ. ഒരു കാലത്ത് ആരായിരുന്നവര്‍ ... സമൂഹത്തില്‍ എന്തായിരുന്നവര്‍ ... ഇന്നോ? നമ്മുടെ കണ്മുന്‍പില്‍ കാണുന്ന വസ്തുതകള്‍ നമുക്ക്‌ ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ നാമാരെയാണ് പഴിക്കേണ്ടത്?

യേശുവിനെ വിട്ട് യേശുവിന്റെ പ്രതിപുരുഷന്മാര്‍ പറയുന്നതു മാത്രം പ്രമാണിക്കുക എന്നത് ശ്രീ നാരായണ ഗുരുവിനെക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ.