കോട്ടയം രൂപതയുടെ അധികാര പരിധി ലോകം മുഴുവന്‍ വരുന്ന ക്നാനായക്കാര്‍ക്ക് വേണ്ടി വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ക്നാനായ കത്തോലിക്കാ സംഘടനകള്‍ ഒപ്പ് ശേഖരണം നടത്തി വരികയാണ്. ലോകത്താകമാനമുള്ള ക്നാനായ കത്തോലിക്കര്‍ എല്ലാവരും ഒപ്പിട്ടു നിവേദനം നല്‍കിയാല്‍ പരി. റോമാ സിംഹാസനം കോട്ടയം രൂപതയുടെ അധികാര പരിധി ലോകവ്യാപകമാക്കും എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് സംഘടനകളുടെ ഈ നീക്കം.
ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സമുദായത്തിലുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഷയം സംബന്ധിച്ച് അല്മെനികളും പട്ടക്കാരും തമ്മില്‍ ഘടക വിരുദ്ധമായ ആശയ സംഘട്ടനത്തിലാണ്. കത്തോലിക്കാ സഭയെന്നാല്‍ ലോകത്തെ ഒന്നാംകിട സ്ഥാപനമാണ്. നൂറ്റാണ്ടുകളായി അതിനെ നില നിര്‍ത്തുന്ന അധികാര ശ്രേണിയാണ് അതിന്റെ ആകര്‍ഷണീയത. ഇടവക വികാരി മുതല്‍ മെത്രാന്‍, മെത്രാപോലീത്ത, കര്‍ദ്ദിനാള്‍ വരെ ലോകത്താകമാനം സഭയുടെ അധികാരം പങ്കിടുന്നവര്‍ എത്രയോ പേര്‍ . ഇവര്‍ക്കെല്ലാം മുകളില്‍ സാക്ഷാല്‍ പോപ്പ്.
ചോദ്യം ചെയ്യപ്പെടാനാവാത്തതും വിമര്‍ശനാതീതവുമാണ് ഈ അധികാരങ്ങള്‍ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത് പൂര്‍ണ്ണമായും ജനാധിപത്യപരമല്ല താനും. ഈ സ്ഥാപനത്തില്‍ പയറ്റി തെളിഞ്ഞ കത്തനാന്മാരും മെത്രാന്മാരും ഇത്തരം ഒപ്പ് ശേഖരണം കൊണ്ട് കാര്യമില്ലെന്ന് പറയുന്നെങ്കില്‍ അതില്‍ കാര്യമില്ലാതെ വരില്ല. എന്നാല്‍ ഒപ്പ് ശേഖരണവുമായി മുമ്പോട്ട് പോകുന്ന സംഘടനാ സാരഥികള്‍ തികഞ്ഞ ജനാധിപത്യ വിശ്വാസികളും! അവര്‍ കത്തോലിക്കാ സഭയെയും സഭാ സംവിധാനങ്ങളെയും നോക്കി കാണുന്നത് കേരളാ നിയമ സഭ പോലെയോ അല്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പോലെയോ ആണ്.
സമുദായത്തിന്റെ ഭാവി എന്ന് പറയുന്നത് വൈദികരെ അപേക്ഷിച്ച് സംഘടനാ സാരഥികളിലും മറ്റ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും നിക്ഷിപ്തമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം സാധാരണക്കാരായ ക്നാനായക്കാര്‍ പിന്തുടരുന്ന പാരമ്പര്യവും സ്വവംശവിവാഹവും സാമുദായിക യാഥാസ്ഥിതികത്വമായി ചിത്രീകരിക്കുകയും അതിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ അന്യ സമുദായാംഗങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു എന്നതാണ്.
ക്നാനായ സമുദായ ചരിത്രം സംബന്ധിച്ച് ഒരു പ്രമുഖ വാരികയില്‍ വന്ന ലേഖനവും അതിന് ആ പ്രസിദ്ധീകരണം തന്നെ നല്‍കിയ മറുപടിയും ചര്‍ച്ച ചെയ്തു കൊണ്ട് ഒരു ബ്ലോഗില്‍ പ്രത്യക്ഷപെട്ട കമന്റുകള്‍ ക്നാനായക്കാരനെ കേരളത്തിലെ അധകൃതനോട് ഉപമിക്കുന്ന തരത്തില്‍ നീചവും തരം താണതുമായി. കമന്റുകള്‍ എഴുതിയ പലരുടെയും രക്തം തിളച്ചതിനു കാരണം ക്നാനായക്കാരന്റെ യഹൂദ പാരമ്പര്യവും!
ഇതിനെ നമ്മള്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? അല്മെനിക്കൂട്ടങ്ങളില്‍ ഉള്ളതുപോലെ തന്നെ അന്യസമുദായങ്ങളിലെ സന്യസ്തരിലും ഇടയ ശ്രേഷ്ടന്മാരിലും ഒക്കെ ഈയൊരു നീരസം കാണില്ലെന്നാരു കണ്ടു? ഈയവസ്ഥയിലാണ് സ്വന്തം സമുദായാംഗങ്ങളില്‍ ചിലര്‍ ചേരി തിരിഞ്ഞ് പുരോഗമന വാദം പുലമ്പുന്നത്. യേശുക്രിസ്തുവും ബൈബിളും ദൈവ സ്നേഹവും ഒക്കെ കൂട്ട് പിടിച്ച് സമുദായത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നവര്‍ കത്തോലിക്കാ സഭയുടെ കീഴില്‍ എന്ടോഗമസോ അല്ലാതെയോ ആയിട്ടുള്ള കാക്കതൊള്ളായിരം സഭകളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് തികച്ചും വ്യക്തിപരമായ ആക്രമണമാണ്. ഇതിനെയാണ് സമുദായമെന്ന രീതിയില്‍ നാം നേരിടേണ്ടത്.